
കൊച്ചി : പുതുവര്‍ഷദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ യാക്കോബായ സഭ. വനിതാ സമാജം, യുവജനസംഘടന എന്നിവയുടെ നേതൃത്വത്തിലായിരിക്കും ആളെ സംഘടിപ്പിക്കുക. ഡിസംബര്‍ 26ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സൂനഹദോസിലാണ് വനിതാ മതിലില്‍ വിശ്വാസികളും അണി ചേരാന്‍ തീരുമാനിച്ചത്.
മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ സഭയുടെ വനിതാ സമാജവും യൂത്ത് വിംഗും വനിതാ വിഭാഗവും ചേര്‍ന്നാണ് വനിതാ മതിലില്‍ അണി ചേരുന്നത്. വനിതാ സമാജം, യുവജനസംഘടന എന്നിവയാണ് ഇതിന് ചുക്കാൻ പിടിക്കുകയെന്ന് യാക്കോബായ സഭ വക്താവ് കുര്യാക്കോസ് മാർ തിയോഫിലോസ് അറിയിച്ചു. ന്യൂനപക്ഷങ്ങളടക്കമുളള ജനവിഭാഗങ്ങള്‍ ഇതില്‍ നിന്ന് മാറി നില്‍ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വനിതകളുടെ അവകാശങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനാണ് വനിതാമതിൽ നടത്തുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പോസിറ്റീവ് സമീപനമായതിനാലാണ് പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കുര്യാക്കോസ് മാർ തിയോഫിലോസ് പറഞ്ഞു. സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിലിൽ നിന്നും സഭ മാറി നില്‍ക്കില്ലെന്ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസും വ്യക്തമാക്കി.






