
തിരുവനന്തപുരം: നവോത്ഥാനങ്ങളുടെ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന ആഹ്വാനത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ തീര്‍ക്കുന്ന വനിതാമതില്‍ ഇന്ന് നടക്കും. 620 കി.മീ. നീളത്തില്‍ ദേശീയപാതയുടെ പടിഞ്ഞാറ് വശത്തായി 50 ലക്ഷം പേര് അണിനിരക്കുന്ന മതില് ചരിത്ര സംഭവമാക്കാനാണ് നീക്കം. വൈകിട്ട് നാലു മണിക്ക് നടക്കുന്ന പരിപാടി ജനപങ്കാളിത്തം കൊണ്ട് ഗിന്നസ് റെക്കോഡില്‍ ഇടം പിടിക്കുമെന്നാണ് സൂചന. വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാമതിലില്‍ നൂറിലധികം സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.
കാസര്‍ഗോഡ് കെകെ ഷൈലജ ആദ്യ കണ്ണിയും വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നില്‍ ബൃന്ദാകാരാട്ട് അവസാന കണ്ണിയായും വനിതാ മതിലില്‍ പങ്കെടുക്കുന്നുണ്ട്. മത സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ കായിക രംഗത്തെ അനേകര്‍ മതിലിന്റെ ഭാഗമാകും. ശബരിമല വിഷയത്തില്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയായിട്ടാണ് വനിതാമതില്‍ തീര്‍ക്കുന്നത്. നേരത്തേ ബിജെപി നടത്തിയ അയ്യപ്പജ്യോതിയില്‍ പത്തുലക്ഷം പേര് പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. വനിതാമതിലില്‍ അതിന്റെ പതിന്മടങ്ങ് ആള്ക്കാര് പങ്കെടുക്കാനെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകള്‍ക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്കാ രിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷപാര്‍ട്ടികളുടെയും ചില സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും പരിപാടിയുമായി മുമ്പോട്ടുപോകുകയായിരുന്നു സര്‍ക്കാര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതായും സര്‍ക്കാരിന്റെ പണം ഉപയോഗിക്കുന്നതായും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പരിപാടിക്കായി ഖജനാവിലെ പണം ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നഗരകേന്ദ്രീകൃതമായ പല സ്കൂളുകള്‍ക്കും ഉച്ചകഴിഞ്ഞ് അവധി നല്‍കിയിട്ടുണ്ട്. വനിതാമതിലിനെ തുടര്‍ന്ന് ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇവരെ വനിതാമതിലില്‍ പങ്കെടുപ്പിക്കാനാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. പരിപാടിക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. 178 സാമൂഹികസംഘടനകളുടെ പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യചുമതലയുടെ ഉത്തരവാദിത്തം നിര്‍വഹിക്കുക സിപിഎമ്മും സിപിഐയും ചേര്‍ന്നായിരിക്കും. തിരുവനന്തപുരം വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. നവോത്ഥാനമൂല്യ സംരക്ഷണസമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും. വനിതാമതില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംരക്ഷിക്കാനാണ് വനിതാമതില്‍. ആചാരങ്ങള്‍ പലതും മാറ്റിതന്നെയാണ് നവോത്ഥാന കേരളം മുന്നോട്ട് പോന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാമതിലിനിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്നലെ ഡല്‍ഹിയിലും ബ്രിട്ടനലും ഇടതുപക്ഷ സംഘടനകള്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ബ്രിട്ടനില്‍ എഴുത്തുകാരുടെയും പുരോഗന ചിന്താഗതിക്കാരുടെയും സംഘടനയായ സമീക്ഷയുടെയും അതിന്റെ വനിതാ വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തില്‍ ലണ്ടനില്‍ നടന്ന മനുഷ്യച്ചങ്ങലയില്‍ നൂറ് കണക്കിന് പേര് അണി ചേര്‍ന്നു. ഡല്‍ഹിയില്‍ കേരളാഹൗസിന് മുന്നില്‍ വനിതാസംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഗമം.






