
പത്തനംതിട്ട: ശബരിമല മകര വിളക്കുത്സവത്തിന് നടതുറന്ന് ആറുദിവസത്തെ വരുമാനം പരിശോധിക്കുമ്പോള്‍ ഒന്പതുകോടി രൂപയുടെ(9,14,69100രൂപ) കുറവ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളുടെയും പൊലീസ് നടപടിയുടെയും പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞത് നടവരവിനെ പ്രതികൂലമായി ബാധിച്ചു.
മകരവിളക്കുത്സവത്തിന് നടതുറന്ന 30 മുതല്‍ ജനുവരി ആറുവരെ 20,49,72,188 രൂപ വരുമാനമായി ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ സമയം 29, 6441288 രൂപയാണ് ലഭിച്ചത്. അരവണ വിറ്റ ഇനത്തില്‍ ഈ വര്‍ഷം 9,43,10455 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 10,22,47,850 രൂപയായിരുന്നു. അപ്പം വിറ്റയിനത്തില്‍ ഈ വര്‍ഷം 96,52,895 രൂപയും കഴിഞ്ഞ വര്‍ഷം 1,58,87,235 രൂപയുമാണ് ലഭിച്ചത്. അഭിഷേകഇനത്തില് ഈ വര്‍ഷം 26, 45,550 രൂപയും ക ഴിഞ്ഞ വര്‍ഷം 28, 67,490 രൂപയും ലഭിച്ചതായാണ് കണക്ക്. കാണിക്കയിനത്തില്‍ ഈ വര്‍ഷം 8,06,35334 രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 9,51,37300 രൂപയാണ് ലഭിച്ചത്.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി മകരവിളക്കു വരെ നീട്ടി. 14ന് അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാകുമെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ ബാധകമാണ്. ഇനിയുള്ള ദിവസങ്ങളില്‍ യുവതികള്‍ ദര്‍ശനത്തിനു വരാന്‍ സാധ്യതയുള്ളതായും അവര്‍ക്കെതിരേ പ്രതിഷേധവും അക്രമവും ഉണ്ടാകാനിടയുള്ളതായും പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശബരിമലയുടെ ചുമതലയുള്ള എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണു തീരുമാനമെന്നു കലക്ടറുടെ ഉത്തരവിലുണ്ട്.
യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്ര നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം ചോദിച്ചു കൊണ്ടുള്ള കത്ത് ബോര്‍ഡ് തന്ത്രിക്ക് െകെമാറി. ദേവസ്വം കമ്മിഷണര്‍ സന്നിധാനത്ത് എത്തിച്ച വിശദീകരണ കത്ത് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്കുമാര്‍ വഴി തന്ത്രിക്ക് െകെമാറുകയായിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ശബരിമല ക്ഷേത്രത്തിന്റെ നടയടയ്ക്കുന്നതിനും ശുദ്ധിക്രിയ നടത്തുന്നതിനും ബോര്‍ഡിന്റെ അനുമതി ആവശ്യമാണെന്നും ആചാരലംഘനം ഉണ്ടെന്ന് പറഞ്ഞാല്‍പോലും തന്ത്രി ബോര്‍ഡിന്റെ അധികൃതരോട് ആവശ്യപ്പെട്ട ശേഷം അവരുടെ രേഖാമൂലമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലേ നടപടി സ്വീകരിക്കാവൂ എന്ന് ദേവസ്വം കമ്മിഷണര്‍ വാസു പറഞ്ഞു. തന്ത്രിയുടേത് തെറ്റായ നടപടിയായാണ് ബോര്‍ഡ് കാണുന്നതെന്നും ദേവസ്വം കമ്മിഷണര്‍ വാസു പറഞ്ഞു. തന്ത്രിയെ പേടിക്കേണ്ട കാര്യമില്ലെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന് മുകളിലല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗം പാറവിള വിജയകുമാര്‍ പറഞ്ഞു.






