
കഴിഞ്ഞ വര്‍ഷത്തെ ബാലന് ഡി ഓര് പുരസ്ക്കാര പട്ടികയില്‍ ബാഴ്സയുടെ ഇതിഹാസ താരം ലയണേല്‍ മെസ്സിയെ അഞ്ചാമനാക്കിയത് ആരാധകര്‍ക്ക് ഒട്ടും രുചിച്ചിട്ടില്ല. ലാലിഗയില്‍ ബാഴ്സിലോണയ്ക്ക് നേടിയത് ഉള്‍പ്പെടെ 54 കളികളില്‍ 51 ഗോളുകള്‍ക്ക് പുറമേ 26 അസിസ്റ്റുകളും ഉണ്ടായിട്ടും മെസ്സിയെ തഴഞ്ഞെന്നാണ് അവരുടെ നിലപാട്. എന്നാല്‍ 2019 ലെ വെറും ആറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാസ്സിന്റെ ഉടമ മെസ്സിയാകും.
കഴിഞ്ഞ ദിവസം ഗറ്റാഫേയ്ക്ക് എതിരേ സഹതാരം ഉറുഗ്വായന്‍ ലൂയി സുവാരസിന് താരം നല്കിയ പാസ്സിനേക്കാള് മികച്ച ഒരെണ്ണം ഇനി ഉണ്ടാകാനിടയില്ലെന്നാണ് ആരാധകപക്ഷം. 2-1 ന് ബാഴ്സിലോണ ജയിച്ച മത്സരത്തില്‍ ഗറ്റാഫേയുടെ ആറ് പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും കീറിമുറിച്ച് സുവാരസിന് ബോക്സിന് പുറത്തു നിന്നും മെസ്സി കൊടുത്ത ഒരു പാസ്സ് ഡിഫന്‍ഡര്‍മാര്‍ക്കൊപ്പം കാണികളെയും കമന്റേറ്റര്‍മാരെയും ഞെട്ടിച്ചു കളഞ്ഞു. ഷോട്ട് ഗോളിയുടെ കാലില്‍ തട്ടിയെങ്കിലും ഈ വര്‍ഷത്തെ ഏറ്റവും മികച്ച പാസ് ഇതാണെന്നാണ് വിലയിരുത്തല്‍.
ഒന്നാം പകുതിയിലെ ഈ പാസിന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ ഏറുകയാണ്. മെസ്സിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ബുദ്ധിയുടെയും പ്രതിഭയൂടെയും ഉദാഹരമായിട്ടാണ് മിക്കവരും ഇതിനെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലതുപാര്ശ്വത്തിന്റെ ടച്ച് ലൈന്‍ സമീപത്ത് നിന്നും കൊണ്ടു 30 വാര അകലെ നിന്നും ഓടിത്തുടങ്ങിയ സുവാരസിനെ മുന്നില്‍ കണ്ടുള്ള നിയന്ത്രണത്തോടെയുള്ള പാസ്. മെസ്സിക്കും സുവാരസിനും ഇടയില്‍ ഗറ്റാഫേയുടെ നാല് താരങ്ങളാണ് നില്‍ക്കുന്നത്. എല്ലാവരേയും സ്തംബ്ദ്ധരാക്കിയാണ് മെസ്സി പാസ് നല്‍കിയത്. 90 ഡിഗ്രി ചരിവിലൂടെയായിരുന്നു താരത്തിന്റെ പാസ് നീണ്ടത്. ജനുവരി ആറു ദിവസം പിന്നിട്ടപ്പോള്‍ തന്നെ മെസ്സി ഗോട്ട് ലെവലില്‍ ഒരു പാസ് നല്‍കിയെന്നാണ് പ്രതികരണം.


