
ന്യൂഡല്‍ഹി: ശബരിമലയിലെ ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടതു സര്‍ക്കാരിനെതിരേ വിശ്വ ഹിന്ദു പരിഷത്ത് ദേശവ്യാപക പ്രക്ഷോഭത്തിന്. പ്രയാഗ്രാജിലെ കുംഭമേളയ്ക്കിടെ ചേര്‍ന്ന സമ്മേളനത്തില്‍ അയോധ്യ പ്രക്ഷോഭത്തിന്റെ തലത്തിലേക്ക് ശബരിമല സമരം വളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി വി.എച്ച്.പി. പ്രമേയം പാസാക്കി. െഹെന്ദവ വിശ്വാസത്തിലും ആചാരങ്ങളിലും ഇടപെടുന്നത് കോടതിയും സര്‍ക്കാരും ഒഴിവാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു.
എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, കെ.പി.എം.എസ്, ആര്യസമാജം തുടങ്ങിയവര്‍ നടത്തുന്ന പോരാട്ടത്തെ അഭിനന്ദിച്ച പ്രമേയം ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരേ പൂര്‍ണശക്തിയോടെ പൊരുതാന്‍ െഹെന്ദവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 1950 ല്‍ ശബരിമല ക്ഷേത്രം തീയിട്ട് നശിപ്പിച്ചു. 1982 -ല്‍ നിലയ്ക്കലില്‍ കുരിശ് നാട്ടി. മുസ്ലിം സ്ത്രീകളെ ഉള്‍പ്പെടുത്തി ശബരിമലക്കെതിരേ വനിതാമതില്‍ നിര്‍മിച്ചു. ഇപ്പോള്‍ കോടതി വിധിയെ മറയാക്കി അയ്യപ്പ വിശ്വാസികള്‍ക്കെതിരേ ഇടത് സര്‍ക്കാര്‍ അധിക്ഷേപം തുടങ്ങി.
നിരവധിയാളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ അറസ്റ്റിലായി. വ്യാജക്കേസുകള്‍ ചുമത്തി വിശ്വാസികളെ വേട്ടയാടുന്നു. ആചാരം സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് അയ്യപ്പ വിശ്വാസികളാണ് തെരുവിലുള്ളത്. അര്‍ധരാത്രിയില്‍ അവിശ്വാസികളെ ശബരിമലയിലെത്തിച്ച് ഇവരെ സര്‍ക്കാര്‍ അപമാനിക്കുകയാണ്. ഇതെല്ലാം ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ എന്നു പരിഗണിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം മാറിയില്ല. ഇന്നലെയാണ് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അഞ്ചംഗ ഭരണഘടനാബെഞ്ചിലെ വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതോടെയാണ് കേസ് നീണ്ടുപോയത്.
ഇന്നലെ പുനഃപരിശോധനാ ഹര്‍ജികള്‍ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് മുമ്പാകെ ഹര്‍ജിക്കാരിലൊരാളുടെ അഭിഭാഷകന് മാത്യൂ നെടുമ്പാറ സൂചിപ്പിച്ചെങ്കിലും തീയതി തീരുമാനിക്കാനായിട്ടില്ലെന്നായിരുന്നു മറുപടി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി കഴിഞ്ഞു വന്നശേഷമെ തീയതി നിശ്ചയിക്കൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. ഇന്ദു മല്‍ഹോത്ര ഈ മാസം ജനുവരി 30 വരെ അവധിയാണ്. കേസ് അടുത്തമാസം എട്ടിനു പരിഗണിക്കാന്‍ നിശ്ചയിച്ചതായി സുപ്രീം കോടതിയുടെ വെബ്െസെറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തീയതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും എട്ടിനു പരിഗണിക്കുന്ന കാര്യത്തിലും സുപ്രിംകോടതിയില്‍നിന്ന് യാതൊരു ഉറപ്പും ഉണ്ടായതുമില്ല. അമ്പതോളം പുനപ്പരിശോധനാ ഹര്‍ജികളും നാലു റിട്ട് ഹര്‍ജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ ഏതൊക്കെയാകും എട്ടിന് പരിഗണിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല. െഹെക്കോടതിയിലുള്ള ശബരിമല സംബന്ധിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയുമടക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേരേണ്ടത്. മറ്റ് ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് പരിഗണിക്കാം.






