
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാന്‍ സാധിച്ച തിരുവനന്തപുരത്ത് ബിജെപി ആരെ നിയോഗിക്കുമെന്ന ആകാംഷ മുറുകുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ വിജയം നല്കി അനുഗ്രഹിച്ച മേഖലയില്‍ ബിജെപി കടുത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. മികച്ച സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കാമെന്നാണ് സ്വപ്നം. ഇവിടെ മത്സരിക്കാനായി പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്ന പേരുകള്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനത്തിന്റേയും നടന് സുരേഷ്ഗോപിയുടേതുമാണ്.
രണ്ടുതവണ വിജയിച്ചുകയറിയ ശശിതരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യം വരുന്ന തിരുവനന്തപുരത്ത് വിജയിക്കാനോ ഏറ്റവും മികച്ച മത്സരം കൊടുക്കാനോ ശേഷിയുള്ള കരുത്തനായ സാരഥി എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏറ്റവും അനുയോജ്യനായി പരിഗണിക്കന്നത് മൂന് സംസ്ഥാന അദ്ധ്യക്ഷനും നിലവില്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെയാണ്. കുമ്മനം ഇല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയെയാണ് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കം രാജ്യസഭാംഗവും നടനുമായ സുരേഷ്ഗോപിക്കാണ്. പക്ഷേ കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പക്ഷേ സുരേന്ദ്രന് തിരുവനന്തപുരത്ത് താല്‍പ്പര്യമില്ലെന്നാണ് വിവരം.കേരളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ശേഷിയുള്ള ദേശീയ നേതാക്കളാരെങ്കിലും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇക്കാര്യത്തില്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഇവര്‍ രാജ്യസഭാംഗമാണെന്നതിനാലും പൊതുവെ ബിജെപിയ്ക്ക് കാര്യമായ വേരുകളില്ലാത്ത സംസ്ഥാനം എന്ന ചിന്തയിലും മത്സരിച്ചേക്കാന്‍ സാധ്യതയില്ല.
ഹൈന്ദവ വികാരം വോട്ടാക്കി മാറ്റുക എന്ന കാലപ്പഴക്കമുള്ള തന്ത്രം തന്നെയാണ് ബി.ജെ.പി ഇത്തവണയും പ്രയോഗിക്കുന്നത്. ശബരിമല വിഷയം ബോണസാകുമെന്നും അവര്‍ കരുതുന്നു. ശബരിമലഭക്തി വോട്ടര്‍മാര്‍ വിഷയമാക്കിയാല്‍ 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് കിട്ടിയ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷം സ്വന്തം അക്കൗണ്ടിലേക്ക് പോരുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക്. കോണ്‍ഗ്രസിനൊപ്പം കൂടുതല്‍ തവണ നിന്ന മണ്ഡലം മറ്റുള്ളവരെയും അനുഗ്രഹിച്ചതിന്റെയും ചരിത്രമുണ്ട് താനും. ഒമ്പതു തവണ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം നാലു തവണ കമ്യൂണിസ്റ്റുകളെയും അനുകൂലിച്ചിട്ടുണ്ട്. മൂന്ന് തവണ സ്വതന്ത്രന്മാരെയും വിജയിപ്പിച്ചിട്ടുണ്ട്.
നിയമസഭയിലേക്ക് ഒ രാജഗോപാല്‍ വിജയിച്ചതും പ്രതീക്ഷയാണ്. ഇതിനൊപ്പം കഴിഞ്ഞ തവണ ലോകസഭയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടി വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 മായി കുറഞ്ഞതും 2,80,000 വോട്ടുകള്‍ നേടി ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയതും തിരുവനന്തപുരത്ത് ബിജെപിയ്ക്ക് പ്രതീക്ഷ കൂട്ടുന്നു. ശബരിമല കൂടി അനുഗ്രഹിച്ചാല്‍ ഇത്തവണ ഒരു ലക്ഷം വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന അഭൂതപൂര്‍വമായ ആത്മവിശ്വാസമാണ് ജില്ലാ നേതൃത്വം പങ്കുവയ്ക്കുന്നത്. നാടാര്‍ ഭൂരിപക്ഷം വരുന്ന കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല പ്രദേശങ്ങളും ബിജെപിയ്ക്ക് ശക്തിയുള്ള നേമവും വട്ടിയൂര്‍കാവും ചേരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കുമെന്നാണ് പ്രതീക്ഷ.






