
ഹൈദരാബാദ്: ക്യാബിനറ്റ് പോലും കൃത്യമായി തീരുമാനിക്കപ്പെട്ടിട്ടില്ലെങ്കിലും തെലുങ്കാനയിലെ എംഎല്‍എ മാര്‍ക്ക് കോളടിച്ചു. തെലുങ്കാനയിലെ ഹൈദര്‍ഗുഡയില്‍ ഇവര്‍ക്ക് പടുകൂറ്റന്‍ ആഡംബര കെട്ടിടം കാത്തു കിടക്കുന്നു. സര്‍ക്കാര്‍ 166 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ചിരിക്കുന്ന താമസയിടത്തിന് 2400 ചതുരശ്ര അടിയാണ് വലിപ്പം. ഇത്തരത്തിലുള്ള 120 അപ്പാര്‍ട്ട്മെന്റുകളാണ് തീര്‍ത്തിരിക്കുന്നത്.
ഹൈദരാബാദിലെ ഹൈദര്‍ഗുഡയില്‍ തീര്‍ക്കുന്ന ഈ പോഷ് ലൊക്കാലിറ്റിയില്‍ പണി പൂര്‍ത്തിയായിരിക്കുന്ന ഈ ആഡംബര സൗധങ്ങള്‍ ഉടന്‍ തന്നെ എംഎല്‍എ മാര്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഈ പടുകൂറ്റന്‍ ഫ്ളാറ്റിന് പുറമേ ജോലിക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായി മറ്റൊരു 12 നില കെട്ടിടവും തീര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച സായാഹ്നത്തില്‍ തെലുങ്കാന നിയമസഭാ സ്പീക്കര്‍ പോച്ചാരം ശ്രീനിവാസ് ഇവിടെയെത്തി അപ്പാര്‍ട്ട്മെന്റ് പരിശോധനകള്‍ പൂര്‍ത്തിയാക്കി.
ഏകദേശം 4.5 ഏക്കര്‍ ഭൂമിയിലാണ് എംഎല്‍എമാര്‍ക്കുള്ള അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിച്ചിട്ടുള്ളത്. ജിമ്മും ഷോപ്പിംഗ് കോംപ്ളക്സും ഉള്‍പ്പെടെ എംഎല്‍എ മാര്‍ക്ക് അത്യാവശ്യം വേണ്ടതായ കാര്യങ്ങള്‍ അടങ്ങിയ അനേകം സംവിധാനങ്ങളും ഇതിലുണ്ട്. എല്ലാ അപ്പാര്‍ട്ട്മെന്റിനും സന്ദര്‍ശകര്‍ക്കുള്ള ഇടം, ഓഫീസ്, അതിഥിമുറി, കിടക്കമുറികള്‍, മറ്റുമുറികള്‍ എന്നിവയുണ്ട്. അടുക്കളയും സീറ്റൗട്ടും സ്റ്റോറേജ് സ്പേസും അനുബന്ധമായിട്ടുണ്ട്.
എംഎല്‍എ അപ്പാര്‍ട്ട്മെന്റിനും ജോലിക്കാര്‍ക്കുള്ള കെട്ടിടത്തിനും പുറമേ നിയമസഭാ ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സും പണി കഴിപ്പിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ ഒരു കമ്മിറ്റിയെ നിയമിച്ച ശേഷമായിരിക്കും അപ്പാര്‍ട്ട്മെന്റ് ജനപ്രതിനിധികള്‍ക്കായി അനുവദിക്കുക.






