
രജനികാന്ത് നായകനായി എത്തിയ പേട്ട ആഘോഷിക്കുകയാണ് ആരാധകര്‍. ഒരു ഇടവേളയ്ക്ക് ശേഷം മാസ് ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പമാണ് തലൈവര്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് സുഹബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരുന്നത് പീറ്റര്‍ ഹെയ്നാണ്. രജനീകാന്തിനൊപ്പമുള്ള അനുഭവം പങ്കിടുകയാണ് അദ്ദേഹം.
''ചിത്രത്തില്‍ നുഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ്ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു. നുഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹമാ ദൗത്യം എന്നെ ഏല്‍പ്പിച്ചു.'
''അങ്ങനെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പെ രജനിസാറിനെ കാണണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നുഞ്ചാക്കിനെക്കുറിച്ചും വേണ്ട പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ഷൂട്ടിങ്ങിന് മുന്‍പ് പരിശീലിക്കാന്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗത കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നു എന്നുപറഞ്ഞു.
''ഇടക്കിടക്ക് അദ്ദേഹം എന്നോട് പറയുമായിരുന്നു, 'എനിക്ക് 70 വയസ്സാകാറായി, ഇത്ര പ്രായമുള്ള ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ' എന്ന്. സര് ഇതൊക്കെ ചെയ്താല്‍ ആരാധകര്‍ക്ക് സന്തോഷമാകുമെന്ന് മറുപടി നല്കി. പരിശീലനം കാരണമാണ് ആ രംഗങ്ങള്‍ ഇത്ര മനോഹരമായി പ്രേക്ഷകരിലേക്കെത്തിയത്. രജനീകാന്തിന്റെ ആവശ്യപ്രകാരമാണ് പീറ്റര്‍ ഹെയ്ന് പേട്ടയിലേക്കെത്തുന്നത്.






