
വയനാട്: രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ കടന്ന് ചരിത്രം കുറിക്കാനിറങ്ങിയ കേരളത്തിന് ഞെട്ടിക്കുന്ന പരാജയം. മൂന്ന് ഇന്ത്യന്‍ താരങ്ങളുമായി എത്തിയ വിദര്‍ഭയോട് ഇന്നിംഗ്സിനും 11 റണ്‍സിനും കേരളം തോല്‍വി ഏറ്റുവാങ്ങി. 102 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 90 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിംഗ്സില്‍ 208 ന് വിദര്‍ഭയെ പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് സമ്പൂര്‍ണ്ണമായി പാളിപ്പോയി. കളിയില്‍ 12 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍ ഉമേഷ് യാദവാണ് കേരള ബാറ്റ്സ്മാന്മാരെ രണ്ട് ഇന്നിംഗ്സിലും തകര്‍ത്തെറിഞ്ഞത്. ഏഴു റണ്‍സിനിടെ നഷ്ടമായത് ആറു വിക്കറ്റുകളായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവിന് മുന്നില്‍ രണ്ടാം ഇന്നിംഗ്സിലും കേരളം തകര്‍ന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചുവിക്കറ്റ് യാദവ് വീഴ്ത്തി. താക്കൂറും നാലു വിക്കറ്റ് വീഴ്ത്തി. ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കിന്റെ 36 റണ്‍സ് മാത്രമാണ് കേരളാ ഇന്നിംഗ്സിലെ മികച്ച നേട്ടമായി പറയാന്‍ കഴിയുന്നത്. 15 റണ്‍സ് എടുത്ത വിഷ്ണു വിനോദും , വാലറ്റത്ത് എസ് ജോസഫ് നേടിയ 17 റണ്‍സുമാണ് രണ്ടാം ഇന്നിംഗ്സിലെ കേരളത്തിന്റെ രണ്ടക്ക സ്കോറുകള്‍. ഏഴു റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളത്തിന് നഷ്ടമായത് ആറു വിക്കറ്റുകളായിരുന്നു.
നായകന് സച്ചിന് ബേബി ഉള്‍പ്പെടെ മൂന്ന് പേര് പൂജ്യത്തിനാണ് പുറത്തായി. ഏഴ് റണ്‍സുമായി ജലജ് സക്സേനയുടെ വിക്കറ്റോടെയാണ് കേരളം രണ്ടാം ഇന്നിംഗ്സില്‍ വീഴ്ച തുടങ്ങിയത്. വിഷ്ണു വിനോദും വീണു കഴിഞ്ഞതോടെ സച്ചിന്‍ബേബി (പൂജ്യം), മൊഹമ്മദ് അസ്ഹറുദ്ദീന് (ഒന്ന്), മനോഹരന് (അഞ്ച്), രാഹുല്‍ (പൂജ്യം), എന്നിവര്‍ വന്നപോലെ മടങ്ങി. എസ് ജോസഫിന്റെ ചെറിയ ഇന്നിംഗ്സിന് ശേഷം വീണ്ടും തകര്‍ച്ച. ബേസില്‍ തമ്പി രണ്ടിനും നിധീഷ് ഒരു റണ്‍സിനും പുറത്തായതോടെ കളി തീരുമാനമായി.
പേസ്ബൗളര്‍മാരായ സന്ദീപ് വാര്യരുടേയും ബേസില്‍ തമ്പിയുടെയും മികവില്‍ കേരളം 208 റണ്‍സിന് വിദര്‍ഭയെ ആദ്യ ഇന്നിംഗ്സില്‍ പിടിച്ചു കെട്ടിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യര്‍ക്കൊപ്പം ബേസില്‍ തമ്പിയും നിധീഷും മികച്ച പ്രകടനം കാഴ്ചവെച്ചതാണ് മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ അടങ്ങിയ വിദര്‍ഭയെ ഒതുക്കാന്‍ കേരളത്തിന് കഴിഞ്ഞത്. ബേസില്‍ തമ്പി മൂന്ന് വിക്കറ്റും നിധീഷ് രണ്ടു വിക്കറ്റും വീഴ്ത്തി. ബൗളര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ വിദര്‍ഭയുടെ നിരയില്‍ 74 റണ്‍സ് എടുത്ത ഓപ്പണര്‍ ഫസലിന് മാത്രമാണ് പിടിച്ചു നില്ക്കാന് കഴിഞ്ഞത്. 34 റണ്‍സ് എടുത്ത വാസീം ജാഫര്‍ രണ്ടാം സ്ഥാനക്കാരനായി. ടെയ്ഡ് (23), കാലേ (12), യാദവ് (17) എന്നിവര്‍ ഒഴികെ ആര്‍ക്കും ഇരട്ട സംഖ്യ പോലും കുറിക്കാനായില്ല.
ഓപ്പണര്‍ സഞ്ജയ് യെ 19 ന് പറഞ്ഞു വിട്ടുകൊണ്ട് നിധീഷാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഇന്ത്യന്‍ താരം വസീം ജാഫറും നിധീഷിന് മുന്നില്‍ കീഴടങ്ങി. അരുണ്‍ കാര്‍ത്തിക്കിനായിരുന്നു ക്യാച്ച്. 75 റണ്‍സ് നേടിയ ഓപ്പണര്‍ ഫസലിനെ സന്ദീപ് വാര്യര്‍ മൊഹമ്മദ് അസ്ഹറുദ്ദീന്റെ കയ്യില്‍ ഏല്‍പ്പിച്ചതോടെ വിദര്‍ഭയുടെ പോരാട്ടം ഒതുങ്ങി. മദ്ധ്യനിരയില്‍ ടെയ്ഡ് (23) ഗുര്‍ബാനി (പൂജ്യം), സര്‍വാത്തേ (ആറ്), ഗണേഷ് സതീഷ് (പൂജ്യം), വാഡ്ക്കര്‍ (പൂജ്യം) എന്നിവരെ സന്ദീപും ബേസിലും മാറിമാറി വീഴ്ത്തിയതോടെ വിദര്‍ഭയുടെ നടുവൊടിഞ്ഞു.
ഉമേഷ് യാദവിനെ ഒരറ്റത്ത് നിര്‍ത്തി വാലറ്റത്തെ കാലെ, താക്കൂര്‍ എന്നിവരെ കൂടി സന്ദീപ് മടക്കിയതോടെ 102 റണ്‍സ് ലീഡില്‍ ചുരുങ്ങി വിദര്‍ഭ പുറത്തായി. നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 106 ന് വിദര്‍ഭ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ താരം ഉമേഷ് യാദവ് ഏഴ് വിക്കറ്റും ഗുര്‍ബാനി മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. പിടിച്ചു നില്‍ക്കാനായത് 37 റണ്‍സ് നേടിയ വിഷ്ണു വിനോദിനും 22 റണ്‍സ് നേടിയ നായകന് സച്ചിന് ബേബിക്കും മാത്രമായിരുന്നു. ബേസില്‍ തമ്പി പത്തു റണ്‍സും നേടി.


