
തിരുവനന്തപുരം: അഭിപ്രായസര്‍വേകളും തെരഞ്ഞെടുപ്പു പ്രവചനങ്ങളും വലിയ മൂന്‍തൂക്കം പ്രഖ്യാപിച്ചതിന് പിന്നാലെ അകന്നു നില്ക്കുന്ന സീറ്റുകള്‍ കൂടി ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. ശശി തരൂരിനെ ഇറക്കി തിരുവനന്തപുരം പിടിച്ചത് പോലെ പാര്‍ട്ടി അനുഭാവികളായ പുറത്തുനിന്നുള്ള പ്രമുഖരെ ഇറക്കി 25 വര്‍ഷമായി അകന്നു നില്ക്കുന്ന സീറ്റുകള്‍ പിടിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 2009 ല്‍ തിരുവനന്തപുരത്ത് അപ്രതീക്ഷിതമായി ശശി തരൂര്‍ സ്ഥാനാര്‍ത്ഥി ആയത് പോലെ ഇത്തവണ തൃശൂരോ പാലക്കാട്ടോ പത്തനംതിട്ടയിലോ ഇറക്കി വിദേശകാര്യ സര്‍വീസിലുള്ള വേണു രാജാമണിയെയാണ് കോണ്‍ഗ്രസ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
മഹാരാജാസ് കോളേജിലെയും പിന്നീട് ജെഎന്‍യുവിലെയും കെഎസ്യു നേതാവായിരുന്ന രാജാമണി അവിടെ നിന്നുമാണ് വിദേശകാര്യ സര്‍വീസിലേക്ക് പോയത്. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായിരുന്ന അദ്ദേഹം ഇപ്പോള്‍ നെതര്‍ലന്റ്സിലെ ഇന്ത്യന്‍ സ്ഥാനപതിയാണ്. നേരത്തേ ദുബായില്‍ സ്ഥാനപതിയായിരുന്നിട്ടുണ്ട്. തൃശൂരിനൊപ്പം വരുതിയില്‍ വരാത്ത ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളെയും ഒപ്പം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് അണിയറയില്‍ തിരക്കിട്ട തന്ത്രം മെനയുന്നുണ്ട്. ഇതില്‍ തൃശൂരില്‍ വേണു സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ പാലക്കാട് വിട്ടുകൊടുക്കാനും ആലോചനയുണ്ട്.
കഴിഞ്ഞ രണ്ടു തവണയും സിപിഎമ്മിന്റെ എ സമ്പത്ത് ജയിച്ചുകയറിയ ആറ്റിങ്ങലില്‍ ഗവ. സെക്രട്ടറിയായ ബിജു പ്രഭാകറെയാണ് കോണ്‍ഗ്രസ് കണ്ടു വെച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ ധനകാര്യമന്ത്രിയായ തച്ചടി പ്രഭാകരന്റെ മകനായ ബിജു പ്രഭാകര്‍ സമര്‍ത്ഥനായ ഐഎഎസ് ഓഫീസര്‍ എന്ന പേര് സമ്പാദിച്ചയാളും വികസന പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പുതിയ ആശയം കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്തതിലൂടെ ജനഹൃദയങ്ങളില്‍ പേരെടുത്തയാളാണ്. ബിജു പ്രഭാകറിനൊപ്പം സിറ്റിംഗ് എംഎല്‍എ അടൂര്‍ പ്രകാശിന്റെയും പാലക്കാട്ട് ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെയും പേരുകളും സജീവ ചര്‍ച്ചയിലുണ്ട്. 2009 ല്‍ ആറ്റിങ്ങല്‍ ആയ ശേഷം രണ്ടു തവണയും സമ്പത്തായിരുന്നു ജയിച്ചു കയറിയത്. ഇതിന് മാറ്റം വരുത്താനാണ് കോണ്‍ഗ്രസ് ആലോചന. 1989 ല്‍ തലേക്കുന്നേല്‍ ബഷീര്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും ജയിച്ചതായിരുന്നു കോണ്‍ഗ്രസ് ഇവിടെ അവസാനമായി നേടിയ ലോക്സഭാവിജയം.
രണ്ടു തവണ തുടര്‍ച്ചയായി സിപിഎമ്മിന്റെ പികെ ബിജു ജയിച്ചുകൊണ്ടിരിക്കുന്ന ആലത്തൂരില്‍ ഫുട്ബോള്‍താരം ഐഎം വിജയന്റെ പേരാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. താരം സമ്മതിച്ചിട്ടില്ലെങ്കിലും സമ്മതിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2009 ല്‍ ആലത്തൂര്‍ വന്ന ശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആലത്തൂരില്‍ പ്രതീക്ഷ കാക്കാനായിട്ടില്ല. 91 ല്‍ ഒറ്റപ്പാലമായിരുന്ന കാലത്ത് കെ.ആര്. നാരായണന് ജയിച്ചതാണ് ഇപ്പോഴും അവരുടെ ഓര്‍മ്മകളില്‍ കിടക്കുന്നത്.
അതേസമയം കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയില്‍ ശശിതരൂര്‍ 2009 ല്‍ തിരുവനന്തപുരത്ത് നേരിട്ടതിന് സമാനമായ ഒരു മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഇത്തവണയും ഉയരുന്നുണ്ട്. പുറത്തു നിന്നുള്ള പേരുകള്‍ എത്തുമ്പോള്‍ വൈകുവോളം വെള്ളം കോരിയവരെ അവഗണിച്ചു എന്ന ഒരു തോന്നല്‍ പ്രവര്‍ത്തകരില്‍ ശക്തമാകുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കില്ലെന്ന് പ്രഖ്യാപിച്ചിട്ട് അത്തരത്തിലുള്ള ഒരു നീക്കത്തെ പ്രോത്സാഹിപ്പിക്കണോ എന്ന ചോദ്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. 2009 ല്‍ ശശിതരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആദ്യം തള്ളിയ സംസ്ഥാന വിഭാഗം ഹൈക്കമാന്റ് ഇടപെടലിലാണ് തണുത്തത്. മലയാളം പോലും അറിയാത്ത മലയാളി എന്ന പറഞ്ഞായിരുന്നു തരൂരിനെ അന്ന് എതിര്‍ത്തത്.






