
അബുദാബി: ഫിഫാ റാങ്കിംഗില്‍ അമ്പതാം റാങ്കും 93 ാം റാങ്കും തമ്മില്‍ വലിയ അന്തരമുണ്ട്. പക്ഷേ അതൊക്കെ വെറും കണക്കുകള്‍ മാത്രമെന്ന് വരച്ചുകാട്ടി അടുത്ത ലോകകപ്പിന് ആതിഥ്യമരുളാന്‍ പോകുന്ന ഖത്തര്‍ സ്റ്റൈലായി ഏഷ്യന്കപ്പില് മുത്തമിട്ടു. കലാശപ്പോരില്‍ ഏഷ്യയിലെ ഏറ്റവും കരുത്തരും നാലുവട്ടം ജേതാക്കളുമായ ജപ്പാനെ 3 - 1 ന് പരാജയപ്പെടുത്തിയാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്.
ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ ഖത്തറിന് കന്നി കപ്പ് നേടുന്ന ഖത്തറാണ് 2022 ലോകകപ്പിന്റെ ആതിഥേയര്‍. ജപ്പാന് കരുത്തിനെ ഭയക്കാതെ ആദ്യം മുതല്‍ ആക്രമിച്ച് കളിച്ച ഖത്തര്‍ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. അല്‍മോസ് അലിയുടെ മനോഹരഗോള്‍. പതിനഞ്ച് മിനിറ്റിന് ശേഷം ഖത്തര്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ സ്കോറര്‍ അസീസ് ഹാത്തീമായിരുന്നു. അക്രം അഫീഫിന്റെ മികച്ച പാസില്‍ നിന്നുമായിരുന്നു ഗോള്‍.
രണ്ടാം പകുതിയില്‍ ജപ്പാന് ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കിയെങ്കിലും ഖത്തര്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബും വിലങ്ങുതടിയായി നിന്നു. എന്നാല്‍ 69 ാം മിനിറ്റില്‍ ജപ്പാന് ഖത്തര്പൂട്ട് പൊളിച്ച് ഒരു ഗോള്‍ മടക്കി. തകുമിയായിരുന്നു സ്കോറര്‍. ഒരു ഗോള്‍ നേടാനായതോടെ ആത്മവിശ്വാസം ഇരട്ടിച്ച ജപ്പാന് സ്വയം മറന്ന് പൊരുതുന്നതിനിടയില്‍ കളിക്ക് വിപരീതമായി ജപ്പാന് ഒരു വമ്പന്‍ തിരിച്ചടി കിട്ടി. നായകനും ജപ്പാന് പ്രതിരോധത്തിന്റെ കാവല്‍ഭടനുമായ മയയോഷിദയുടെ കയ്യില്‍ പന്തു തട്ടിയതിന് കിട്ടിയ പെനാല്‍റ്റി അഫീഫ് വലയിലാക്കി.
സിസര്‍കട്ടിലൂടെ ആദ്യ ഗോള്‍ നേടിയ അല്‍മോസ് അലിയാണ് ടൂര്‍ണമെന്റിന്റെ താരം. ഫൈനലിലെ ഗോള്‍നേട്ടം താരത്തിന് സമ്മാനിച്ചത് ഒമ്പതാംഗോളും റെക്കോഡും ആയിരുന്നു. ഏഷ്യന്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന ഇറാനിയന്‍ താരം അലിദേയിയുടെ റെക്കോഡ് അല്‍മോസ് പഴങ്കഥയാക്കി. 1996 ല്‍ സ്ഥാപിക്കപ്പെട്ട റെക്കോഡാണ് തകര്‍ന്നത്. സുഡാന് വംശജനായ 22 കാരന് 2016 ലാണ് ഖത്തര്‍ ദേശീയ ടീമില്‍ എത്തിയത്.




