
ന്യൂഡല്‍ഹി; ഇസ്ലാമിക് സംഘടനയായ സിമിയുടെ നിരോധനം അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെയാണ് തീരുമാനം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
സിമിയുടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്തില്ലെങ്കില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോവുമെന്നും ദേശവിരുദ്ധവികാരവും, വിഘടനവാദവും വളര്‍ത്തി രാജ്യത്തിനു ഭീഷണിയാകുമെന്നും ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമത്തിന്റെ മൂന്നാം വകുപ്പിലെ ഒന്ന്, മൂന്ന് ഉപവകുപ്പുകള്‍ പ്രകാരമാണ് നിരോധനം.
1977ല്‍ അലിഗഡിലാണ് സിമി രൂപീകരിക്കപ്പെട്ടത്. പിന്നീട് 2001ല്‍ ആദ്യമായി നിരോധിച്ചു. 2007 ഡിസംബറില്‍ വാഗമണിലെ തങ്ങള്‍ പാറയില്‍ അംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്ന് സ്ഫോടക വസ്തുക്കള്‍, തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ എന്നിവയില്‍ പരിശീലനം നേടുകയും ചെയ്തിരുന്നു. സിമി പ്രവര്‍ത്തകര്‍ പ്രതികളായ 58 കേസാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്.
ഇതിനിടെ ഗുജറാത്തില്‍ പിടിയിലായ ഭീകരരില്‍ നിന്നും ലഭിച്ച വിവരം അവിടുത്തെ പോലീസ് കേരളത്തിന് കൈമാറിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു. പിന്നീട് കേസ് എന്‍ഐഎ ഏറ്റെടുക്കുകയും 38 പേര് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു.






