
കൊല്‍ക്കത്ത: ബംഗാള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള യുദ്ധം തുറന്ന നിലയിലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി നിരാഹാര സമരം തുടരുന്ന സാഹചര്യത്തില്‍ ധര്ണ്ണപ്പന്തല് ഭരണസിരാകേന്ദ്രമായി മാറി. സംസ്ഥാന പോലീസ് സുരക്ഷാ ഉപദേഷ്ടാവ് സുർജിത് കാർ പുർകായസ്ഥ, ആരോപണവിധേയനായ പോലീസ് കമ്മിഷണർ രാജീവ് കുമാർ എന്നിവര്‍ ഭരണനിര്‍വ്വഹണ കാര്യങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ ധര്ണ്ണാവേദിയായ എസ്പ്ലനേഡിലെ മെട്രോ ചാനലിലെ സമരപ്പന്തലില്‍ ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയത് കൗതുകമായി.
ധർണ അവസാനിക്കും വരെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഒരു പരിപാടിയിലും പങ്കെടുക്കാന്‍ പോകുന്നില്ലെന്നാണ് മമതയുടെ തീരുമാനം. ഇതോടെ സംസ്ഥാന ബജറ്റ് അവതരണത്തിന് മന്ത്രിസഭയുടെ അനുമതി തേടുന്ന യോഗം തേടുന്ന മന്ത്രിസഭായോഗം പോലും ധര്ണ്ണാവേദിയിലായി. തിങ്കളാഴ്ച ഉച്ചയ്ക്ക് ധർണാവേദിക്ക് പിന്നിലുള്ള പോലീസ് ഔട്ട് പോസ്റ്റിലായിരുന്നു മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച യോഗം ബജറ്റ് അവതരണത്തിന് ധനമന്ത്രി അമിത് മിശ്രയ്ക്ക് അനുമതി നൽകി പിരിഞ്ഞു. മന്ത്രിമാർ നിയമസഭയിലേക്കു മടങ്ങിയപ്പോള്‍ മമത പോയത് ധർണാവേദിയിലേക്ക്. മികച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡല്‍ നല്കുന്ന ചടങ്ങ് നടത്തിയതും ധര്ണ്ണാവേദിക്ക് സമീപത്തായിരുന്നു.
തിങ്കളാഴ്ച നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തൃണമൂൽ കോൺഗ്രസ്സിന്റെ കർഷകസംഘടനയുടെ യോഗം മമത ഉദ്ഘാടനം ചെയ്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു. അതേസമയം ശനിയാഴ്ച വിദ്യാർഥികൾക്ക് പരീക്ഷ തുടങ്ങുന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയോടെ സമരം അവസാനിപ്പിക്കാനാണ് മമതയുടെ നീക്കം. രാഷ്ട്രീയ-സാമൂഹികസംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾക്കും മറ്റ് കൂട്ടായ്മകൾക്കുമായി സ്ഥിരം തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി തന്നെ സമരവുമായി എത്തിയതോടെ നഗര ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
കൊൽക്കത്ത എസ്പ്ലനേഡിലെ മെട്രോ ചാനല്‍ ഇതോടെ സംസ്ഥാന-ദേശീയ വാര്ത്താചാനലുകളുടേയും സാന്നിദ്ധ്യം കൊണ്ട് നിറഞ്ഞിരിക്കുകാണ്. ഇതോടെ യാത്രക്കാരും വലഞ്ഞു. പാര്‍ട്ടി അണികളും സാധാരണക്കാരും യാത്രക്കാരുമെല്ലാം ഇവിടെ തമ്പടിക്കാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പോലീസ് വഴി തിരിച്ചുവിട്ടിരിക്കുകയാണ്. ത്രിവർണനിറത്തിലുള്ള തുണി ചുറ്റിയിട്ടുള്ള പന്തലിന്റെ മുകളില്‍ ‘‘സേവ് ഇന്ത്യാ’’ എന്നെഴുതിയിട്ടുണ്ട്. ‘‘നാശത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കൂ, ഫെഡറൽ സംവിധാനത്തെ രക്ഷിക്കൂ, പോലീസ്-സിവിൽ സർവീസ് സംവിധാനത്തെ രക്ഷിക്കൂ ’’ തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. രാവിലെ മുതൽ ധർണാവേദിയിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തൃണമൂൽ പ്രവർത്തകരുടെ ജാഥകൾ എത്തിക്കൊണ്ടിരുന്നു.






