
കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹം ജന്മനാട്ടില് എത്തിച്ചപ്പോള്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. 'കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന് വിവി വസന്തകുമാറിന്റെ സംസ്കാരച്ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നത്'എന്ന അടിക്കുറിപ്പോടെയായിരുന്നു കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. മരണവീട്ടില്‍നിന്നും പബ്ലിസിറ്റിക്കായി സെല്‍ഫിയെടുത്തത് അപക്വമായ രീതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. തുടര്‍ന്ന് കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തിന് വിശദീകരണവുമായി കണ്ണന്താനം തന്നെ രംഗത്തെത്തി. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്പറഞ്ഞ ചിത്രം. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. -കണ്ണന്താനം പറഞ്ഞു.
കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെല്‍ഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേല്പറഞ്ഞ ചിത്രം. ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. മാത്രവുമല്ല ഞാന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്.
എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വര്‍ഷം ഞാന്‍ പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാന്‍ നിഷ്കര്‍ഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടത്.






