ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ പാക് ഭീകര സംഘകന ജെയ്ഷെ മുഹമ്മദിനെ പേരെടുത്ത് വിമര്‍ശിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രമേയം. 15 അംഗ സുരക്ഷാ കൗണ്‍സിലില്‍ ചൈന മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പ്രമേയം വൈകിയത്. ജെയ്ഷെയുടെ പേര് പരാമര്‍ശിച്ചത് പൊതുവായ നിബന്ധനകളുടെ പേരിലാണെന്നും വിധിയുടെ സ്വഭാവത്തിലുള്ള പരാമര്‍ശമല്ലെന്നും ചൈന പ്രസ്താവിച്ചു.
പുല്‍വാമയില്‍ 40 സി.ആര്.പി.എഫുകാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെ അപലപിച്ച് വ്യാഴാഴ്ചയാണ് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്. ജെയ്ഷെയെ പേരെടുത്ത് പരാമര്‍ശിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കി കഴിഞ്ഞിട്ടും പാക് ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന നിലപാടാണ് ചൈനയുടേത്.
പരാമര്‍ശം വിധിയുടെ സ്വഭാവത്തിലുള്ളതല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ പാക്കിസ്ഥാന് തയ്യാറാണെന്നാണ് ചൈന മനസിലാക്കുന്നത്. മേഖലയിലെ സമാധാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷുവാങ് കൂട്ടിച്ചേര്‍ത്തു.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ യു.എന്നില്‍ നടത്തിയ നീക്കങ്ങള്‍ക്ക് നേരത്തെ തടയിട്ടതും ചൈനയായിരുന്നു. പിന്നീട് യു.എസും യു.കെയും ഫ്രാന്‍സും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ നീക്കം നടത്തിയെങ്കിലും ചൈന തടസം നിന്നു.






