
രജൗറി: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് സേനയുടെ കനത്ത ഷെല്ലാക്രമവും വെടിവെയ്പ്പും. അതിര്‍ത്തിയില്‍ മൂന്നിടത്ത് ഇന്ന് പാക് പ്രകോപനമുണ്ടായി. സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്. നിയന്ത്രണ രേഖയില്‍ മിസൈല്‍ ലോഞ്ചറുകള്‍ അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സേന ശക്തമായി തിരിച്ചടിച്ചു.
രജൗറിയിലും പൂഞ്ചിലും നിയന്ത്രണരേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇതിനിടെ വ്യോമസേന മിന്നലാക്രണം നടത്തിയ ബാലാക്കോട്ടില്‍ ജെയ്ഷെ മുഹമ്മദ് നടത്തുന്ന മദ്രസയ്ക്ക് കേടുപാടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. സംശയമുന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമാനത്തില്‍ കെട്ടി മിന്നലാക്രണ സ്ഥലത്ത് തള്ളണമെന്ന് വിദേശകാര്യസഹമന്ത്രി വി കെ സിംഗ് തിരിച്ചടിച്ചു. ബാലക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുന്നവെന്ന ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ പോര് വിമാനത്തില്‍ കെട്ടണമെന്നാണ് കേന്ദ്ര സഹമന്ത്രി വി കെ സിംഗിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന് പിന്നാലെ യു പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും പുല്‍വാമ ഭീകരാക്രണമത്തെ അപകടമെന്ന് വിളിച്ചത് ബി ജെ പിയെ പ്രതിരോധത്തിലാക്കി.






