ഭുവനേശ്വര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റുകളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനൊരുങ്ങി ബിജു ജനതാദള്‍. ഒഡീഷ മുഖ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നവീന്‍ പട്നായിക്കാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 21 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. ഇതില്‍ 33 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ത്ഥിയാക്കും.
ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയില്‍ നടന്ന മിഷന് ശക്തി കണ്‍വന്‍ഷനിലാണ് പട്നായിക്ക് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒഡീഷയില്‍ നിന്ന് 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയയ്ക്കും. ഇത് മുന്‍ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ സ്വപ്നമായിരുന്നെന്നും നവീന്‍ പട്നായിക്ക് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും സര്‍ക്കാര്‍ ജോലികളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തി രാജ്യത്തിന് മാതൃക കാണിച്ച നേതാവാണ് ബിജു പട്നായിക്കെന്നും നവീന്‍ പട്നായിക്ക് പറഞ്ഞു.
ബിജു പട്നായിക്കിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടിയാണ് വനിതാ സംവരണം നടപ്പിലാക്കുന്നത്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും ബിജു ജനതാദളിന്റെ പാത പിന്തുടരണമെന്നും നവീന്‍ പട്നായിക്ക് ആവശ്യപ്പെട്ടു. യു.പി.എ അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു.






