
തിരുവനന്തപുരം: മിസോറം ഗവർണർപദവി ഒഴിഞ്ഞ് കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആശീര്‍വാദത്തോടെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എത്തുന്നത്. കുമ്മനത്തിന്റെയും ബിജെപിയുടെയും വിജയത്തിനായി കേരളത്തില്‍ എത്തുമെന്ന് മോഡി അറിയിച്ചിട്ടുണ്ട്.
കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കേരളത്തില്‍ എൻ.ഡി.എ. മികച്ച വിജയം നേടുമെന്നും ബി.ജെ.പിയുടെ ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ന് തലസ്ഥാനത്ത് എത്തുന്ന കുമ്മനത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും ചേര്‍ന്ന് സ്വീകരിക്കും. ബൈക്ക്റാലിയോടെ നഗരത്തിലേക്ക് ആനയിക്കും. പേട്ട, ജനറൽ ആസ്പത്രി, എൽ.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലിൽ ദർശനത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. മിസോറം ഗവര്‍ണര്‍ പദവി ഒഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് കുമ്മനം തിരുവനന്തപുരത്ത് എത്തുന്നത്.
ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും തുടർച്ചയായ ആവശ്യം അംഗീകരിച്ചാണ് കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനും മിസോറം ഗവര്‍ണര്‍ പദവിയില്‍ നിന്നും മടക്കിയയക്കാൻ ദേശീയനേതൃത്വം നിർബന്ധിതരായത്. തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കുക, എൻ.ഡി.എയുടെ കൺവീനറാക്കുക തുടങ്ങിയവയാണ് ആർ.എസ്.എസ്. മുന്നോട്ടുവെച്ച ആവശ്യങ്ങൾ. രണ്ടിലും തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
ഇടതുപക്ഷം സിപിഐ സ്ഥാനാര്‍ത്ഥി സി ദിവാകരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നിട്ടില്ലെങ്കിലൂം ഹൈക്കമാന്റിന്റെ ശക്തമായ പിന്തുണ ഉള്ളതിനാല്‍ ശശി തരൂര്‍ തന്നെ കോണ്‍ഗ്രസിനായി മത്സരിക്കുന്ന കാര്യവും ഏറെക്കുറെ ഉറപ്പാണ്. ഈ നിരയിലേക്ക് കുമ്മനം കൂടി എത്തുന്നതോടെ മത്സരം കടുക്കും. ജയിച്ചാല്‍ ആരു മന്ത്രിയാകുമെന്ന ചോദ്യവുമായി മംഗളംഓണ്ലൈന് നടത്തിയ പോളില്‍ കുമ്മനത്തെ 51 ശതമാനം പേരാണ് കുമ്മനത്തെ അനുകൂലിച്ചത്. ശശി തരൂരിനെ പിന്തുണച്ചിരിക്കുന്നതാകട്ടെ 41 ശതമാനം പേരും.






