
കൊച്ചി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ അടുത്ത ബന്ധുക്കളടക്കം പത്ത് പേര് ബി.ജെ.പിയില്‍ ചേര്‍ന്നു. ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭന, ഭര്‍ത്താവ് ശശികുമാര്‍ എന്നിവരടക്കം പത്ത് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പത്ത് പേര്‍ക്കും ശ്രീധരന്‍പിള്ള അംഗത്വം നല്കി. അതേസമയം സംഭവം വാര്‍ത്ത ആയതോടെ തങ്ങള്‍ നേരത്തെ തന്നെ ബി.ജെ.പിക്കാരാണെന്ന് തരൂരിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ പേര് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങള്‍ അടക്കം രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ തല്ക്കാലം ഇവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും പങ്കെടുത്തിരുന്ന ടോം വടക്കന്‍ ഇന്നലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. നേരത്തെ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം രാമന് പിള്ള, വനിതാ കമ്മീഷന് മുന്‍ അംഗം ജെ. പ്രമീളാ ദേവി എന്നിവരും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് സഹയാത്രികനും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനുമായിരുന്ന കെ.എസ് രാധാകൃഷ്ണനും ബി.ജെ.പിയിലേക്ക് പോകുന്നുവെന്നാണ് സൂചനകള്‍.






