
നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് പെര്‍ഫ്യൂം. ബ്രാന്‍ഡഡായ പല പെര്‍ഫ്യൂമുകളുമാണ് നമ്മളില്‍ പലരും തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോള്‍ റഷ്യന്‍ വാക്ക് ഉപയോഗിച്ച് പുറത്തിറക്കിയ പെര്‍ഫ്യൂം നിര്‍മാതാക്കളെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ആരും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പേരായിരുന്നു ഇവരുടേത്. ലൈംഗിക പീഡനം എന്നര്‍ഥം വരുന്ന പേരായിരുന്നു ഇവര്‍ പെര്ഫ്യൂമിന് ഉപയോഗിച്ചത്.
പെര്‍ഫ്യൂമിന്റെ പേര് കുഴപ്പത്തിലാക്കിയതോടെ ഇപ്പോള്‍ സ്ഥാപനയുടമ പേര് പിന്‍വലിക്കുകയാണ്. ആ പേര് സ്വീകരിക്കുമ്പോള്‍ പീഡനത്തിന്റെ ഇരകളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് എന്റെ തെറ്റ്. യഥാര്‍ഥജീവിതത്തില്‍ ദുരന്തം നേരിട്ടവരുടെ യാതനകള്‍ ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നു. ഞാനതു ചെയ്തില്ല. അതെന്റെ തെറ്റാണ് ഉടമ നിക്കൊളായ് ഇര്‍മിന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. സര്‍ഗാത്മക സ്വാതന്ത്ര്യം പ്രധാനമാണ്. പക്ഷേ അതൊരിക്കലും ആരെയും വേദനിപ്പിക്കുന്നതാകരുത് ഇര്‍മിന്‍ വ്യക്തമാക്കുന്നു. സുഗന്ധത്തിന് ഒട്ടും കുറവു വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും മറ്റൊരു പേരില്‍ 'ലൈംഗിക പീഡനം' ഉടന്‍ പുറത്തിറങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു.
ഈ നിര്‍മ്മാതാക്കള്‍ മുമ്പും ഇത്തരത്തില്‍ വിചിത്രമായ പല പേരുകളും സ്വീകരിച്ചിട്ടുണ്ട്. ജിപ്സി ബ്ലഡ് എന്നാണ് ഒരു പെര്‍ഫ്യൂമിന്റെ പേര്. വിന്ഡ്സേഴ്സ് ടെംപ്റ്റേഷന്‍ എന്നാണ് മറ്റൊരു പേര്. 2015 മുതല്‍ ഇത്തരത്തില്‍ വിചിത്രമായ പേരുകളില്‍ ഇവര്‍ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു 'ലൈംഗിക പീഡനം' എന്നു പേരുള്ള പെര്‍ഫ്യൂം പുറത്തിറക്കിയത്.






