
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചുവെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്കിയ സി.ലിസി വടക്കേലിനോട് ഒരുപിടി ചോദ്യങ്ങളുമായി ഫ്രാന്‍സിസ്കന്‍ ക്ലാരീസ്റ്റ് കോണ്ഗ്രിഗേഷന് (എഫ്.സി.സി) വിജയവാഡ നിര്‍മ്മല പ്രൊവിന്‍സ് സുപ്പീരിയര്‍ സി.അല്‍ഫോന്‍സാ ഏബ്രഹാം. കന്യാസ്ത്രീ പീഡനത്തിന് ഇരയായെന്ന് 2015 ല്‍ തന്നെ അറിയാമെങ്കില്‍ എന്തുകൊണ്ട് അക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല എന്നാണ് കഴിഞ്ഞ ദിവസം അയച്ച വാണിംഗ് ലെറ്ററില്‍ ചോദിക്കുന്നത്.
മൂവാറ്റുപുഴ ജ്യോതിഭവനില്‍ കഴിയുന്ന സി.ലിസി വടക്കേലിന് ഇതിനകം നല്കിയ സ്ഥലമാറ്റ ഉത്തരവുകള്‍ പാലിക്കണമെന്നും മാര്‍ച്ച് 31നകം തിരിച്ച് വിജയവാഡയില്‍ എത്തണമെന്നുമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി ജ്യോതിഭവനില്‍ താമസിക്കാന്‍ അനുമതി തേടണമെന്നും കത്തില്‍ പറയുന്നുണ്ട്.
കുറവിലങ്ങാട്ടെ മഠത്തില്‍ നടന്ന പീഡനത്തെ കുറിച്ച് അന്വേഷണ സംഘത്തിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നതോടെയാണ് സി.ലിസി വടക്കേലിന് തുടര്‍ച്ചയായി സഭാ നേതൃത്വം സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്. മഠത്തിനുള്ളില്‍ നേരിടുന്ന ഭീഷണികളെ കുറിച്ച് മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞ അവര്‍, തന്റെ ജീവനു ഭീഷണിയുണ്ടെന്നും മനോരോഗിയാക്കി മാറ്റാന്‍ ശ്രമിച്ചുവെന്നും അങ്ങനെ തന്റെ മൊഴി കോടതിയില്‍ അസാധുവാക്കാനുള്ള നീക്കമാണ് നടത്തിയതെന്നും അവര്‍ ആരോപിച്ചിരുന്നു. നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന തനിക്ക് മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് എഫ്.സി.സി പ്രൊവിഷ്യാളിന്റെ കത്ത്.
കത്തിലെ സുപ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്:
കുറവിലങ്ങാട്ടെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം 2015ല്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് നിങ്ങളോട് പറഞ്ഞതെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത് കേട്ടു. നിങ്ങള്‍ കൗണ്‍സലിംഗ് പഠിച്ചതായോ പരിശീലിച്ചതായോ എനിക്കറിവില്ല. കൗണ്‍സലിംഗ് പഠിക്കാത്ത ഒരാള്‍ കൗണ്‍സലിംഗ് നടത്തുന്നത് ആള്‍മാറാട്ടത്തിനു തുല്യമാണ്.
കുറവിലങ്ങാട്ടെ മീഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളെ കൗണ്‍സലിംഗ് നടത്താന്‍ നിങ്ങളെ ആരും നിയോഗിച്ചിട്ടില്ല.
ബലാത്സംഗ വിവരം ഇര നിങ്ങളോട് പറഞ്ഞിട്ടും എന്തുകൊണ്ടാണ് അവരെ അന്ന് സഹായിക്കാതിരുന്നത്? പോലീസിനോട് അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍ ആ കന്യാസ്ത്രീയെ തുടര്‍ന്നുള്ള പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാമായിരുന്നില്ലേ?
ആ സമയത്ത് വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നുവെങ്കില്‍ പീഡകനെതിരെ കൂടുതല്‍ വേഗത്തില്‍ തെളിവുകള്‍ ശേഖരിക്കാമായിരുന്നു.
അവര്‍ നിങ്ങള്‍ക്ക് മകളെ പോലെയാണെന്ന് അഭിമുഖത്തില്‍ നിങ്ങള്‍ പറയുന്നതു കേട്ടു. അങ്ങനെയെങ്കില്‍ സ്വന്തം മകള്‍ തുടര്‍ന്നും ബലാത്സംഗം ചെയ്യപ്പെടുന്നത് തടയാന്‍ ഏതൊരമ്മയും ശ്രമിക്കില്ലേ? ആരോപിക്കപ്പെട്ടപോലെ ബലാത്സംഗങ്ങള്‍ തുടര്‍ന്നതില്‍ നിങ്ങള്‍ക്കും ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്.
പ്രതിയുടെ ആളുകള്‍ ആന്ധ്രയിലോ തെലങ്കാനയിലോ വച്ച് അപായപ്പെടുത്തുമെന്ന നിങ്ങളുടെ ഭയത്തിന് അടിസ്ഥാനമില്ല. അവര്‍ ഇവിടുത്തുകാരല്ല, അവരുടെ രൂപതയും വളരെ അകലെയാണ്.
മരുന്നിന് പണം നല്‍കുന്നില്ലെന്ന നിങ്ങളുടെ ആരോപണം കള്ളമാണ്. മരുന്ന് ആവശ്യമുള്ളപ്പോള്‍ മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ നിന്ന് വാങ്ങാമെന്നും അതിന്റെ പണം പ്രൊവിന്‍സ് നല്‍കുമെന്നും നിങ്ങളെ അറിയിച്ചിരുന്നതല്ലേ?
വിജയവാഡ നിര്‍മ്മല പ്രൊവിന്‍സിലെ അംഗമായ നിങ്ങള്‍ 2003 മുതല്‍ മൂവാറ്റുപുഴ ജ്യോതിഭവനിലയാണ് താമസിക്കുന്നത്. സുവിശേഷപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കാണ് നിങ്ങളെ നിയോഗിച്ചത്. കാനോന്‍ നിയമവും സഭയുടെ നിയമങ്ങളും പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്തരാണ്. എന്നാല്‍ യാത്രവിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ ബോധിപ്പിക്കുന്നതിനോ പ്രതിമാസ പരിപാടികള്‍ അറിയിക്കുന്നതിനോ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അധികൃതരുടെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുകയും പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. സഭാ ചട്ടങ്ങളും സന്യാസിനിമാരുടെ ജീവിതരീതിയും നിങ്ങള്‍ ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
പല തവണ സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിട്ടും നിങ്ങള്‍ ജ്യോതിഭവനില്‍ തുടരുന്നത് അനധികൃതമാണ്. നിങ്ങളുടെ അനധികൃത താമസം കയ്യേറ്റമായി കണ്ട് നിയമ നടപടി സ്വീകരിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള അസുഖക്കാര്‍ക്ക് താമസിക്കാനുള്ള ഇടമല്ല ജ്യോതിഭവന്‍. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ സന്യാസ സഭയില്‍ നിന്നും പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നാണ് മാര്‍ച്ച് 23ന് നല്കിയ കത്തില്‍ പറയുന്നത്.






