
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം സിനിമയാക്കുന്നത് ഉപേക്ഷിച്ചുവെന്ന് ഡോ. ബി.ആര്. ഷെട്ടി. അതൊരു അടഞ്ഞ അധ്യായമാണെന്ന് അദ്ദേഹം ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയുമായി സംവിധായകന് ശ്രീകുമാര്‍ മേനോന് എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് എംടിയും ശ്രീകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയില്‍ കേസ് നടന്നു വരികയാണ്. അതു കൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല.
മധ്യസ്ഥത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ല. അതേസമയം, ഇന്ത്യന്‍ സംസ്കാരത്തിന്റെ പൗരാണിക ഇതിഹാസമായ മഹാഭാരതം സിനിമയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണം. ഹിന്ദിയിലെ പത്മാവതി സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചര്‍ച്ച നടത്തി. മഹാഭാരതം സിനിമ ആക്കുക തന്നെ ചെയ്യും ബി.ആര്.ഷെട്ടി പറഞ്ഞു.






