
തൃശ്ശൂര്‍: ശബരിമല വിഷയം ഉന്നയിച്ച് വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് തന്റെ ജോലി നിര്‍വഹണത്തിന്റെ ഭാഗം മാത്രമാണെന്ന് കളക്ടര്‍ ടിവി അനവുപമ. ഇതുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും അനുപമ പറഞ്ഞു. അതേസമയം അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ ലഭിച്ച നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കും. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. അയ്യന്റെ അര്‍ത്ഥം അവര്‍ അന്വേഷിക്കട്ടെ. എന്താണ് പറഞ്ഞതെന്ന് കൃത്യമായ ബോധ്യമുണ്ട്. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റുപറ്റിയെന്ന് മനസിലാക്കാതെ പറയുന്നതില്‍ കാര്യമില്ല. മാധ്യമങ്ങളോട് എല്ലാ കാര്യങ്ങളും പറയാന്‍ സാധിക്കില്ല. ജനാധിപത്യത്തിന്റെ മര്യാദയുണ്ട്. ഇഷ്ട ദേവന്റെ നാമം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും പറയാന്‍ പാടില്ലാത്ത അവസ്ഥയാണുള്ളത്. എന്ത് ജനാധിപത്യമാണിത്? ഇതിനെ ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ചതിന് കളക്ടര്‍ ടി വി അനുപമ ഇന്നലെയാണ് സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ലംഘിച്ചതിനാണ് നോട്ടീസ് നല്‍കിയത്.






