
ബംഗലുരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാട്ടുകാരെ വോട്ടു ചെയ്യിക്കാന്‍ കഠിന പ്രയത്നം നടത്തുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് രാഹുല്‍ ദ്രാവിഡിന് പക്ഷേ സ്വന്തം വോട്ടു ചെയ്യാനാകില്ലെന്ന് ഉറപ്പായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കര്‍ണാടക ബ്രാന്‍ഡ് അംബാസഡറാണെങ്കിലും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള താരത്തിന്റെ അവസാന ശ്രമവും പാളി.
നാളെ നടക്കുന്ന വോട്ടെടുപ്പില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ വോട്ടര്‍പട്ടികയില്‍ നേരത്തേ താരത്തിന്റെ പേര് ഉണ്ടായിരുന്നില്ല. പേര് ചേര്‍ക്കാനുള്ള ഫോറം 6 പൂരിപ്പിച്ചു കൊടുക്കുകയും പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും കാലാവധി കഴിഞ്ഞതിനാല്‍ രണ്ടും തള്ളി. അവസാന തീയതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ ഒരാളെയൂം ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന വിവരം കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഓഫീസറെ കമ്മീഷന് അറിയിച്ചതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന വിവരം അധികൃതര്‍ തന്നെ താരത്തെ അറിയിച്ചു. ബംഗലുരു നോര്‍ത്ത മണ്ഡലത്തിലെ വോട്ടറായ ദ്രാവിഡിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ദോംലൂര്‍, മതികേരി സബ് ഡിവിഷണല്‍ അസിസ്റ്റന്റ് ഇലക്ടര്‍ റിട്ടേണിംഗ് ഓഫീസര്‍ ദ്രാവിഡിനെ വീട്ടിലെത്തി കാണുകുയും ഫോറം പ്രത്യേക അപേക്ഷയോടൊപ്പം പൂരിപ്പിച്ചു വാങ്ങുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഇവ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ താരത്തിന്റെ പേര് ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ മാര്‍ഗ്ഗമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഏപ്രില്‍ 18 ന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കാന്‍ ഫോറം - 6 സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 16 ആയിരുന്നു.
നേരത്തേ താമസിച്ചിരുന്ന സ്ഥലത്ത് നിന്നും ദ്രാവിഡ് മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ വിലാസത്തില്‍ മാറ്റം വന്നതാണ് താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താകാന്‍ കാരണമായത്. പഴയ താമസ സ്ഥലത്തു നിന്നും മാറിയപ്പോള്‍ പുതിയ വിലാസം ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പഴയ വിലാസം ഒഴിവാക്കപ്പെട്ടതിനാല്‍ വോട്ടര്‍പട്ടികയില്‍ താരം പെട്ടില്ല.






