
കൊല്ലം: വോട്ട് മറിക്കാൻ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ശ്രമം നടക്കുന്നുവെന്ന് യുവമോര്‍ച്ച നേതാവ് തുറന്നടിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് ബിജെപിയ്ക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നു. നേതാവിനൊപ്പം ഒരു കൂട്ടം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ച് രംഗത്ത് വരികയും ചെയ്തതോടെ കൊല്ലം ജില്ലാഘടകം പ്രതിരോധത്തില്‍. മേക്ക് എ വിഷൻ എന്ന പേരില്‍ സംഘടന രൂപീകരിച്ച് വിമതര്‍ പ്രതിഷേധവും തുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ജില്ലയില്‍ യുഡിഎഫിന് ബിജെപി വോട്ടു മറിച്ചു കൊടുക്കുന്നതായി ആരോപണം നില നില്ക്കുമ്പോള് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാത്തത് ആരോപണത്തെ ന്യായീകരിക്കാലായി മാറുമെന്നാണ് വിമതരുടെ വിമര്‍ശനം.
പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക്ക് എ വിഷന്‍ സംഘടനയുടെ പേരില്‍ കമ്മിറ്റികളുണ്ടാക്കാനാണ് തീരുമാനം. തല്ക്കാലം പാര്‍ട്ടി വിടില്ലെന്നും തെരഞ്ഞടുപ്പ് ഫലം വന്നശേഷം തീരുമാനം എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ബിജെപിക്കുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയോട് എതിര്‍പ്പുണ്ടെങ്കിലും ആദ്യമായാണ് അത് പരസ്യമാകുന്നത്.
എന്നാല്‍ അതൃപ്തിയുള്ളവര്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ പരാതി ഉന്നയിക്കാമെന്ന് ജില്ലാ ഘടകത്തിന്റെ പ്രതികരണം. പരസ്യപ്രസ്താവന സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമുണ്ട്. കൊല്ലത്ത് ബിജെപി യുഡിഎഫുമായി സഹകരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് എല്‍ഡിഎഫ് ആരോപണം. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്.






