
കേരളം ഇന്നു പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ കൂട്ടലും കിഴിക്കലുമായി മുന്നണികള്‍. പുറമേ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും എല്ലാ മുന്നണികളുടെയും ഉള്ളില്‍ നിറയുന്നത് ആശങ്ക. രാഷ്ട്രീയ-ജനകീയവിഷയങ്ങള്ക്കുപരിയായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി നടത്തിയ പ്രചാരണംമൂലം ജനമനസ് വായിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുന്നണിനേതൃത്വങ്ങള്‍. പ്രമുഖരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കാനും കഴിയുന്നത്ര വോട്ടുകള്‍ സമാഹരിക്കാനുമായിരുന്നു ഇന്നലെ എല്ലാവരുടെയും ശ്രമം.
ന്യൂനപക്ഷവോട്ടുകളിലാണ് എല്‍.ഡി.എഫും യു.ഡി.എഫും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഭൂരിപക്ഷ ധ്രുവീകരണത്തിലാണു ബി.ജെ.പിയുടെ പ്രതീക്ഷ. 20 സീറ്റും നേടുമെന്നാണു യു.ഡി.എഫിന്റെ അവകാശവാദമെങ്കിലും ഉറപ്പുള്ളത് 13 സീറ്റാണ്. ആറോളം സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് അവരുടെ വിലയിരുത്തല്‍. 13 സീറ്റില്‍ ഉറച്ച വിജയമാണ് ഇടതുമുന്നണിക്കുമുള്ളത്. ബാക്കി നാലോളം സീറ്റുകള്‍ തങ്ങളുടെ അക്കൗണ്ടിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.
ശബരിമല പ്രധാന വിഷയമായതോടെ ആറു സീറ്റെങ്കിലും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ. ഇതെല്ലാം പുറമേയുള്ള അവസ്ഥ. അന്തിമഫലത്തില്‍ എല്ലാവരും ആശങ്കാകുലര്‍. പുതിയ വോട്ടര്മാരുടെയൂം സ്ത്രീകളുടെയും നിലപാടാണ് വിധി നിര്‍ണയിക്കുകയെന്നു വ്യക്തം. വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ എല്ലാ കക്ഷികളും മത്സരിച്ചതോടെ സംസ്ഥാനത്തു പുതുവോട്ടര്‍മാരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനയുണ്ട്. ചില മണ്ഡലങ്ങളിലെങ്കിലും വോട്ടര്‍പട്ടികയില്‍ തിരിമറി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.
ഏകദേശം ഒരുമാസത്തോളം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഒടുവിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ പോളിങ് ശതമാനം പ്രചാരണത്തിന്റെ സ്വാധീനം വ്യക്തമാക്കും. പരമാവധി വോട്ടുകള്‍ പോളായാല് വിജയമെന്ന അവകാശവാദമാണ് ഇടതു-വലതു മുന്നണികള്‍ മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടാകുന്ന തിരിച്ചടി വലിയ പ്രത്യാഘാതങ്ങള്‍ക്കും വഴിവച്ചേക്കാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ യു.ഡി.എഫിന് ഇനി ഒരുതോല്‍വി കൂടി താങ്ങാനാകില്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ വലിയ ശ്രദ്ധയാണ് യു.ഡി.എഫ്. പുലര്‍ത്തിയത്. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതോടെ ചിത്രം ആകെ മാറിയെന്ന ആശ്വാസവും അവര്‍ക്കുണ്ട്. ഇടതുമുന്നണിക്കും ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകംതന്നെ. തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത ആഘാതമായിരിക്കുമെന്നു മാത്രമല്ല, മുന്നണിയില്‍ അത് അസ്വാരസ്യങ്ങള്‍ക്കും വഴിവയ്ക്കും. അതിനാല്‍ത്തന്നെയാണ് മറ്റുമുന്നണികള്ക്കുമുമ്പേ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കി അവര്‍ പ്രചാരണ രംഗത്തിറങ്ങിയത്.
ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. ശബരിമല യുവതീപ്രവേശന വിഷയത്തിലെ ഇടപെടല്‍തന്നെ തെരഞ്ഞെടുപ്പു ലക്ഷ്യം വച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കുപുറമേ കേന്ദ്രമന്ത്രിമാരും മറ്റു നേതാക്കളും പ്രചാരണരംഗത്ത് സജീവമായിരുന്നു. അതിന്റെ ഗുണം ഫലപ്രഖ്യാപനദിനം കണ്ടില്ലെങ്കില്‍ പ്രതിക്കൂട്ടിലാകുക സംസ്ഥാനനേതാക്കളാകും.






