
അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായ് കുറ്റക്കാരനെന്ന് വിചാരണ കോടതി കണ്ടെത്തി. സായിയുടെ ശിക്ഷാവിധി കോടതി ഈ മാസം 30ന് പ്രഖ്യാപിക്കും.
ആശ്രമത്തില്‍ വച്ച് ആസാറാം ബാപ്പുവും മകനും ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രണ്ട് സഹോദരിമാര്‍ 2013 ഒക്ടോബറില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ഡിസംബറില്‍ ഹരിയാനയിലെ കുരുക്ഷേത്രയ്ക്കു സമീപമുള്ള പിപ്ലിയില് നിന്നാണ് നാരായണ്‍ സായിയെ അറസ്റ്റു ചെയ്തത്.
2002നും 2005നും മധ്യേ സൂറത്തിലെ ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് സായ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 1997നും 2006നും മധ്യേ അഹമ്മദാബാദിനു പുറത്തുള്ള ആശ്രമത്തില്‍ താമസിക്കവേ ആസാറാം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിക്കാരികളില്‍ മൂത്തയാള്‍ മൊഴി നല്‍കിയിരുന്നത്.
ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായ്ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ സായിയുടെ നാല് സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു.
കേസില്‍ 35 പേരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ രണ്ട് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. പ്രൊസിക്യൂഷന് 53 സാക്ഷികളെ വിസ്തിരിച്ചു. രേഖകളും ഹാജരാക്കി. പ്രതിഭാഗം 14 സാക്ഷികളെയാണ് വിസ്തരിച്ചതെന്ന് സായുടെ അഭിഭാഷകന് കല്‍പേഷ് ദേശായി പറഞ്ഞു.






