
ധാക്ക: മലയാളി ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരന്മാരായ കേരള ബ്ളാസ്റ്റേഴ്സിലെ മുന്‍ താരങ്ങളായ സി കെ വിനീതും കെവിന് ബെല്‍ഫോര്‍ട്ടും പരസ്പരം ഏറ്റുമുട്ടിയ മത്സരത്തില്‍ ചെന്നിയന്‍ എഫ് സിയ്ക്ക് 2-3 ന്റെ തോല്‍വി. എഎഫ്സി കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ ബംഗ്ളാദേശ് ക്ളബ്ബ് ധാക്ക അബഹാനി ലിമിറ്റഡാണ് ഇന്ത്യന്‍ ക്ളബ്ബിനെ മറിച്ചത്.
മത്സരത്തില്‍ ചെന്നിയനായി വിനീതും ധാക്ക അബഹാനിക്കായി കെവിന് ബെല്‍ഫോര്‍ട്ടും ഗോളടിച്ചു. ബംഗ്ളാദേശ് ടീമിന്റെ ഹോം മാച്ചില്‍ ഏഴാം മിനിറ്റില്‍ തന്നെ ചെന്നിയന്‍ ഗോളടിച്ചിരുന്നു. വിനീതിലൂടെയാണ് ചെന്നിയന്‍ ഗോള്‍ നേടിയത്. എന്നാല്‍ ആദ്യ പകുതിയില്‍ കടവുമായി പോയ ധാക്കാ അബഹാനി രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിനിടയില് രണ്ടു ഗോളും തിരിച്ചടിച്ച് മുന്നേറി. കേരളാ ബ്ളാസ്റ്റേഴ്സിനെ രണ്ടു സീസണ് മുമ്പ് ഫൈനലില്‍ എത്തിച്ച മലയാളികളുടെ പ്രിയതാരവുമായിരുന്ന ഹെയ്തി ഇന്റര്‍നാഷണല്‍ കെവിന് ബെല്‍ഫോര്‍ട്ട് 64 ാം മിനിറ്റില്‍ ആദ്യം തിരിച്ചടിച്ചു. തൊട്ടു പിന്നാലെ അഫ്ഗാന് താരം മാസി സെയ്ഗാനി രണ്ടാം ഗോളും നേടിയതോടെ ടീം മുന്നിലെത്തി.
പിന്നീട് ഇസാക് വാന്മാല് സാവ്മാ ചെന്നിയനെ ഒപ്പം എത്തിച്ചെങ്കിലും 88 ാം മിനിറ്റില്‍ ബംഗ്ളാദേശ് താരം മാമുനുള്‍ ഇസ്ളാം ഗോള്‍ നേടിയതോടെ ചെന്നിയന്റെ വിധിയെഴുതി. ഗ്രൂപ്പ് ഇയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ അഹമ്മദാബാദില്‍ ചെന്നിയന്‍ ഒരുഗോളിന് ധാക്കാ അബഹാനിയെ തോല്‍പ്പിച്ചിരുന്നു. നാലു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ഇരു ടീമും ടേബിളില്‍ ഒപ്പത്തിനൊപ്പമാണ്. ഈ സീസണില്‍ ചെന്നിയന്റെ ആദ്യ എവേ മാച്ചായിരുന്നു ഇത്. ഇന്ത്യന്‍ ക്ലബ്ബ് മിനര്‍വ പഞ്ചാബാണ് ചെന്നിയന്റെ അടുത്ത എതിരാളി. ഗുവാഹട്ടിയില്‍ ജൂണ്‍ 19 നാണ് മത്സരം.






