
ന്യൂഡല്‍ഹി: വിവി പാറ്റ് സ്ലിപ്പുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും ഒത്തുനോക്കിയാകണം വോട്ടെണ്ണല്‍ തുടങ്ങേണ്ടതെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് നിരസിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം യന്ത്രങ്ങളിലെ വോട്ടും സ്ലിപ്പുമാണ് ഒത്തുനോക്കേണ്ടത്. യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ കഴിഞ്ഞതിനു ശേഷം വിവി പാറ്റ് സ്ലിപ്പ് എണ്ണിയാല്‍ മതിയെന്ന പതിവ് തുടരാനാണു കമ്മിഷന്റെ തീരുമാനം. അതല്ലെങ്കില്‍ ഫലപ്രഖ്യാപനം മണിക്കൂറുകളോളം െവെകുമെന്നാണു വിശദീകരണം.
പ്രതിപക്ഷത്തെ 22 കക്ഷികള്‍ ചൊവ്വാഴ്ച നേരില്‍ക്കണ്ട് ഉന്നയിച്ച ആവശ്യമാണു തെരഞ്ഞെടുപ്പു കമ്മിഷന് ഇന്നലെ തള്ളിക്കളഞ്ഞത്. രാവിലെ എട്ടിന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ തുടങ്ങുന്നതിനൊപ്പം തപാല്‍/സര്‍വീസ് വോട്ടുകളും എണ്ണിത്തുടങ്ങും. ഏറ്റവുമൊടുവില്‍ നറുക്കിട്ടെടുത്ത് അഞ്ചു യന്ത്രങ്ങളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഇതു പൊരുത്തപ്പെടുന്നില്ലെങ്കില്‍ സ്ലിപ്പുകളുടെ എണ്ണമാകും ഫലം നിശ്ചയിക്കുക.
കമ്മിഷന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നു കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇ.വി.എം. (ഇലക്ട്രോക് വോട്ടിങ് മെഷീന്) എന്നത് ബി.ജെ.പിയുടെ ഇലക്ട്രോണിക് വിക്ടറി മെഷീന് ആയെന്നും ഇ.സി. (തെരഞ്ഞെടുപ്പു കമ്മിഷന്) ബി.ജെ.പിയുടെ എന്സ്ലേവ്ഡ് (അടിമ) കമ്മിഷന് ആയെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പു പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനായാണു മുഴുവനും വിവി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതെന്നിരിക്കെ, കമ്മിഷന്റെ തീരുമാനം സുപ്രീം കോടതിവിധിയുടെ അന്തസത്തയ്ക്കു നിരക്കുന്നതല്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തെയാണു കളങ്കപ്പെടുത്തുന്നതെന്നു ബി.ജെ.പി. കുറ്റപ്പെടുത്തി. പരാജയത്തിനു കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ ജനവിധിയെ അവമതിക്കുകയാണു പ്രതിപക്ഷം ചെയ്യുന്നതെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും പോളിങ്ങിന് ഉപയോഗിച്ച യന്ത്രങ്ങളുടെ സുരക്ഷയും കറയറ്റതാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന് പലവട്ടം വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ പ്രതിപക്ഷം തയാറല്ല. തോല്‍ക്കുമ്പോള്‍ മാത്രമാണ് അവര്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് ആരോപിക്കുന്നത്. വോട്ടിങ് യന്ത്രത്തില്‍ വിശ്വാസമില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചപ്പോള്‍ അവര്‍ സര്‍ക്കാരുണ്ടാക്കിയത് എന്തിനാണെന്നും അമിത് ഷാ പറഞ്ഞു. കുടുംബവാഴ്ച തോല്‍ക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് ജനാധിപത്യത്തെത്തന്നെ തള്ളിപ്പറയുകയാണെന്നു മുതിര്‍ന്ന നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.






