ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഇത്തവണയും പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കില്ല. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ ആകെ സീറ്റിന്റെ 10 ശതമാനം സീറ്റുകളില്‍ വിജയിക്കണം. 543 സീറ്റുള്ള ലോക്സഭയില്‍ 55 സീറ്റില്‍ വിജയിച്ചാല്‍ മാത്രമേ ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തവണ 52 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. പ്രതിപക്ഷ നേതൃസ്ഥാനത്തിന് മൂന്ന് സീറ്റിന്റെ കുറവ്.
2014ല്‍ കോണ്‍ഗ്രസിന് 44 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചില്ല. സി.ബി.ഐ ഡയറക്ടര്‍, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍, ലോക്പാല്‍ തുടങ്ങിയ നിര്‍ണായക പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് പ്രതിപക്ഷ നേതാവ് കൂടി ഉള്‍പ്പെട്ട സമിതിയാണ്. അതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതിയായ സീറ്റുകളില്ലാത്തതിനാല്‍ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് ഈ ആവശ്യം തള്ളുകയായിരുന്നു.
ഒടുവില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലകാര്‍ജുന്‍ ഖാര്‍ഗെയെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ ഔദ്യോഗിക പ്രതിപക്ഷ നേതൃസഥാനവും ക്യാബിനറ്റ് പദവിയും നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. 2014ലെ സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് നേരിടുന്നത്.
1985ലാണ് ഇതിന് മുമ്പ് ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാതിരുന്നത്. അന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു തെലുങ്ക് ദേശം പാര്‍ട്ടി. എന്നാല്‍ ടി.ഡി.പിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നല്കാന് അന്നത്തെ ലോക്സഭാ സ്പീക്കര്‍ ബല്‍റാം ജാഖര്‍ തയ്യാറായില്ല.






