
ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമെന്നെ റെക്കോഡിനരികെ ബി.ജെ.പി. സ്ഥാനാര്‍ഥി ചന്ദ്രകാന്ത് രഘുനാഥ് പാട്ടീല്‍. 6.89 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയ പാട്ടീലാണ് ഈ പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും ''വലിയ'' വിജയി.
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മരണത്തിനു പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ മകള്‍ പ്രീതം മുണ്ടെ നേടിയ 6.96 എന്ന റെക്കോഡിനരികെ എത്താന്‍ പാട്ടീലിനായി. 2014 -ല്‍ മഹാരാഷ്ട്രയിലെ ബീഡിലായിരുന്നു പ്രീതമിന്റെ ചരിത്രവിജയം. ഗുജറാത്തിലെ നവ്സാരി സീറ്റിലാണ് സി.ആര്. പാട്ടീല്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. ആകെ കിട്ടിയ വോട്ട് 9,72,739.
സി.ആര്. പാട്ടീലിനെക്കൂടാതെ സഹയാത്രികരായ സഞ്ജയ് ഭാട്ട്യ, കൃഷന്‍പാല്‍, സുബാഷ് ചന്ദ്ര മഹേറിയ എന്നിവരും ആറു ലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം പിടിച്ചു. ഒരു ഡസനിലേറെ സ്ഥാനാര്‍ഥികളാണ് അഞ്ചു ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശാലിനി യാദവിനെ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തറപറ്റിച്ചത്. 2014-ല്‍ അരവിന്ദ് കെജ്രിവാളിനെ മോഡി തൂത്തെറിഞ്ഞത് 3.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ബി.ജെ.പി. സ്ഥാനാര്‍ഥിക്കാണ്. ഉത്തര്‍പ്രദേശിലെ മച്ച്ലിശഹര്‍ സീറ്റില്‍ മല്‍സരിച്ച ഭോലാനാഥിനു കിട്ടിയത് 181 വോട്ടിന്റെ ഭൂരിപക്ഷം. രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നു മത്സരത്തിനിറങ്ങിയവരില്‍ പെണ്മക്കള് മഹിമ ഉയര്‍ത്തിയപ്പോള്‍ ആണ്മക്കളില് ഭൂരിപക്ഷം പേര്‍ക്കും മുഖം നഷ്ടപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയാണ് ഇതില്‍ പ്രമുഖന്. രാഹുലിന്റെ നേതൃത്വത്തില്‍ ഭരണംപിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് അടപടലം തോറ്റമ്പിയപ്പോള്‍ ആ ഒഴുക്കില്‍ രാഹുലിനു നഷ്ടമായത് തന്റെ ''കുടുംബ സ്വത്തായ'' അമേഠി.
ഇക്കുറി അമേഠിയിലും കേരളത്തിലെ വയനാട്ടിലുമാണ് രാഹുല്‍ മത്സരിച്ചത്. വയനാട്ടില്‍ നാലു ലക്ഷത്തിലേറെ വോട്ടിനു ജയിച്ചുകയറിയപ്പോള്‍ അഭിമാന പോരാട്ടം നടന്ന അമേഠിയില്‍ അമ്പതിനായിരത്തിലധികം വോട്ടിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു മുന്നില്‍ രാഹുല്‍ മുട്ടുകുത്തി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകന് െവെഭവാണ് തോല്‍വി രുചിച്ച മറ്റൊരു പ്രമുഖ ''മകന്''. ജോധ്പൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് 2.7 ലക്ഷം വോട്ടുകള്‍ക്കായിരുന്നു പരാജയം.
മുന്‍ കേന്ദ്രമന്ത്രി മാധവ് റാവു സിന്ധ്യയുടെ മകന് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പരാജയത്തിന്റെ കയ്പുനീര് കുടിക്കേണ്ടി വന്നു. തന്റെ ശക്തികേന്ദ്രമായ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍ത്തന്നെയാണ് ജ്യോതിരാദിത്യ വീണത്. ബി.ജെ.പിയുടെ ആദ്യകാല നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മകന് മാനവേന്ദ്ര സിങ്ങിനും പാരമ്പര്യം കാത്തുസൂക്ഷിക്കാനായില്ല. രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു 3.2 ലക്ഷം വോട്ടുകള്‍ക്കു തോറ്റു.
മഹാരാഷ്ട്രയിലും ആണ്മക്കള്ക്കു കാലിടറി. മാവല്‍ മണ്ഡലത്തില്‍ അജിത് പവാറിന്റെ മകന് പാര്‍ഥ്, ദക്ഷിണ മുംെബെയില്‍ മുരളി ദേവ്റയുടെ മകന് മിലിന്ദ് ദേവ്റ, നന്ദേഡ് മണ്ഡലത്തില്‍ ശങ്കര്‍ റാവു ചവാന്റെ മകന് അശോക് ചവാന് എന്നിവര്‍ക്കും കാലിടറി. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് ദക്ഷിണേന്ത്യയില്‍ തോറ്റ ''പുത്രന്''. മാണ്ഡ്യ മണ്ഡലത്തില്‍ ഒന്നേകാല്‍ ലക്ഷം വോട്ടുകള്‍ക്കായിരുന്നു തോല്‍വി.






