
ഭോപ്പാല്‍: മധ്യപ്രദേശില്‍ പബ്ജി ഗെയിം കളിക്കുന്നതിനിടെ 16 വയസുകാരന് മരിച്ചു. 12-ാം ക്ലാസുകാരനായ ഫുര്‍ഖാന്‍ ഖുറേഷിയാണ് മരിച്ചത്. ആറു മണിക്കൂറോളം തുടര്‍ച്ചയായി ഗെയിം കളിച്ച കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഗെയിം തോറ്റതിന്റെ നിരാശയില്‍ ഖുറേഷി വിളിച്ചു കൂവിയതായും വീട്ടുകാര്‍ പറയുന്നു.
സഹോദരിയായ ഫിസയും ഖുറേഷിയും കൂടി ഒരേ മുറിയില്‍ ഉണ്ടായിരുന്നു. ഗെയിമില്‍ തോറ്റതിനു പിന്നാലെ ഖുറേഷി ഇയര്‍ഫോണ്‍ വലിച്ചെറിഞ്ഞു കരയാന്‍ തുടങ്ങിയതായി ഫിസ പറഞ്ഞു. ' അയാന് നിന്നോട് ഞാന്‍ ഇനി കളിക്കാനില്ല' എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. പെട്ടന്ന് പൊട്ടിക്കരഞ്ഞ് ഇയര്‍ ഫോണ്‍ ഊരി ഫോണ്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് കരഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല. ഫിസ പറഞ്ഞു.
ഗെയിമില്‍ തോറ്റെന്നറിഞ്ഞപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായതാവാം കാരണമെന്ന് ഡോ.അശോകന് ജെയിന് പറഞ്ഞു. പെട്ടന്നുണ്ടാകുന്ന ഞെട്ടലിന്റെ കാരണത്താലുള്ള രൂക്ഷമായ ഹൃദയ സ്തംഭനമാണ് ഉണ്ടായതെന്നാണ് നിഗമനം. മകന് നീന്തലില്‍ കഴിവുള്ളവനാണെന്നും ഹൃദയ സംബന്ധമായി മുമ്പ് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഖുറേഷി ഗെയിമിനു അടിമയായിരുന്നുവെന്നും 18 മണിക്കൂറോളം ഗെയിം കളിക്കാറുണ്ടെന്നും സഹോദരന് പറഞ്ഞു. ഖുറേഷിയുടെ പബ്ജി കളി പഠനത്തേയും ആരോഗ്യത്തേയും ബാധിക്കു്ന്നുവെന്ന് തോന്നിയ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങിയിരുന്നു. ഇത് തിരികെ ലഭിക്കാന്‍ മൂന്നു ദിവസം ഫുര്‍ഖാന്‍ പട്ടിണികിടന്നതായും വീട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പബ്ജി ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 കാരനാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലും വന്‍ സ്വീകാര്യതയാണ് ഗെയിമിനു ലഭിച്ചത്. ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി.






