
ആഗ്ര: വര്‍ഗ്ഗീയ കലാപത്തിന്റെ ഭാഗമായി അക്രമികള്‍ക്ക് ഇരയാകുമായിരുന്ന മുസ്ളീം കുടുംബം കുടുംബസുഹൃത്തായ ഹിന്ദു പെണ്‍കുട്ടിയുടെ ഇടപെടലില്‍ രക്ഷപ്പെട്ടു. അലീഗഡിലെ ടപ്പാല്‍ മേഖലയില്‍ കഴിഞ്ഞ ദിവസം രണ്ടര വയസ്സുകാരി മരണമടഞ്ഞ സംഭവത്തിന് പിന്നാലെ ഞായറാഴ്ചയുണ്ടായ കലാപത്തിലാണ് അക്രമികളെ ഹിന്ദു പെണ്‍കുട്ടി തിരിച്ചയച്ചത്. ഹരിയാനയിലെ ബല്ലാബ്ഗറില്‍ നിന്നും അലീഗഡിലേക്ക് പോകുമ്പോള്‍ ജട്ടാരിയില്‍ വെച്ചായിരുന്നു കുടുംബം ആക്രമമണത്തിനിരയായത്.
ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വാനിലായിരുന്നു കുടുംബം സഞ്ചരിച്ചത്. കുടുംബ സുഹൃത്തായ ഹിന്ദു പെണ്‍കുട്ടിയും ഇവര്‍ക്കൊപ്പം ചടങ്ങിന് പോയിരുന്നു. ജട്ടാരിയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹിന്ദു പെണ്‍കുട്ടിയായ പൂജ ഉള്‍പ്പെടെ ഏഴു പേര് വാഹനത്തില്‍ ഉണ്ടായിരുന്നു. ടപ്പാല്‍ കടന്ന മഹേഷ്പൂരിലേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ ഒരുകൂട്ടം ആള്ക്കാര് മോട്ടോര്‍ സൈക്കിളില്‍ ഇരുമ്പു ദണ്ഡുകളുമായി ആക്രമിക്കാന്‍ പിന്നാലെ എത്തുകയും വാന്‍ തടയുകയും ചെയ്തു.
വാനില്‍ നിന്നും അബ്ബാസി എന്നയാളെയും പര്‍ദ്ദ ധരിച്ച മകളെയും വാനിന്റെ ഡ്രൈവറെയും സംഘം മര്‍ദ്ദിക്കുന്നതിനിടയില്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന 24 കാരി പൂജാ ചൗഹാന് ഇടയില്‍ കയറുകയും താന്‍ ഹിന്ദുവാണെന്ന അക്രമികളോട് വെളിപ്പെടുത്തുകയും ചെയ്തു. പൂജയെ കണ്ടതും സംഘത്തിലെ നേതാവ് പെട്ടെന്ന് മയപ്പെടുകയൂം അക്രമം നിര്‍ത്താന്‍ ആവശ്യപ്പെടുകയും കാറിന്റെ കീ തീരിച്ചു നല്‍കിയിട്ട് വേഗം ഇവിടെ നിന്നും ഓടിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
24 കാരി പൂജാ ചൗഹാന് ഒപ്പം സഞ്ചരിച്ചിരുന്നില്ലായിരുന്നെങ്കില് അവര്‍ തങ്ങളെ കൊല്ലുമായിരുന്നെന്നാണ് യാത്രാ സംഘത്തിലെ അബ്ബാസി പറഞ്ഞത്. പര്‍ദ്ദയും മറ്റും ഇട്ടിരുന്നതിനാല്‍ യാത്ര ചെയ്യുന്നത് മറ്റ് സമുദായത്തിലെ ആള്‍ക്കാരാണെന്ന് മനസ്സിലാക്കിയാണ് അക്രമികള്‍ പിന്നാലെ വന്നതും ആക്രമിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ആര്‍ക്കും ഒരിക്കലും ഉണ്ടാകരുതെന്നും പൂജ പറഞ്ഞു. പിന്നീട് രക്ഷപ്പെട്ട കുടുംബം സുരക്ഷിതമായി തന്നെ അലീഗഡില്‍ എത്തുകയും ചെയ്തു.
പൂജയുടെ കുടുംബവുമായി 32 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും പൂജയും തനിക്ക് മകളെപ്പോലെയാണെന്നും അബ്ബാസ് പറയുന്നു. സംഭവത്തില്‍ പൂജ തന്നെയാണ് പോലീസില്‍ പരാതി നല്കിയതും. തിരിച്ചറിയാത്ത 10 പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പലയിടത്തും റെയ്ഡ് നടത്തിയെങ്കിലും ആരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ആരേയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്നും അലിഗഡ് എസ്എസ്പി ആകാശ് കുല്‍ഹാരി പറഞ്ഞു.






