
മുംബൈ : ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മ്മിക്കുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. വില്‍പ്പന നിരക്ക് കൂട്ടുന്നതിനായി തന്റെ പേരും ചിത്രവും ബാറ്റില്‍ ഉപയോഗിച്ചതിന് റോയല്‍റ്റി ഇനത്തില്‍ തനിക്ക് ലഭിക്കാനുള്ള കുടിശ്ശികയുടെ പേരിലാണ് സച്ചിന് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
2016 ലാണ് സച്ചിന് സിഡ്നിയില്‍ നടത്തുന്ന സ്പാര്ട്ടന് സ്പോര്‍ട്സുമായി കരാറില്‍ ഏര്‍പ്പെടുന്നത്. തന്റെ പേരും ചിത്രവും വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാം എന്നായിരുന്നു കരാര്‍. ഇതിനായി സച്ചിന് വര്‍ഷത്തില്‍ 10 ലക്ഷം ഡോളര്‍ നല്‍കാമെന്ന് കമ്പനി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു എന്ന് സച്ചിന് പറഞ്ഞു.
എന്നാല്‍ 2018 റോയല്‍റ്റി ആയി കൊടുത്തിരുന്ന പൈസയില്‍ വീഴ്ച വരുത്തി. പണം ആവശ്യപ്പെട്ട് കമ്പനിയെ സമീപിച്ചെങ്കിലും മറുപടി ഒന്നും തന്നെ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തന്റെ പേരും ചിത്രവും മാറ്റാന്‍ സച്ചിന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ പേര് ഇപ്പോഴും കമ്പനി ഉപയോഗിക്കുന്നതായി സച്ചിന് കോടതിയില്‍ നല്കിയ രേഖയില്‍ പറയുന്നു.






