
കൊച്ചി: മേലുദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായതിന് പിന്നാലെ കാണാതായ സിഐ നവാസിനെ കണ്ടെത്തിയത് മധുരയിലെ ട്രെയിന്‍ യാത്രയ്ക്കിടയില്‍. കാണാതായതിന് പിന്നാലെ നാട്ടില്‍ പോലീസ് കേസായ വിവരങ്ങളൊന്നും ഇദ്ദേഹം അറിഞ്ഞിരുന്നില്ല എന്നും രാമേശ്വരത്തേക്കുള്ള യാത്രയിലായിരുന്നു എന്നുമാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ നവാസിന് വേണ്ടി പോലീസ് വലിയ തെരച്ചില്‍ നടത്തിയിരുന്നു.
രണ്ടു ദിവസത്തിന് ശേഷം ഇന്ന് രാവിലെയാണ് തമിഴ്നാട് പോലീസ് നവാസിനെ കണ്ടെത്തിയത്. ഇന്നലെ യാത്രയ്ക്കിടയില്‍ ഒന്നരയോടെ ഇദ്ദേഹം ഫോണ്‍ ഓണാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ വെച്ച് അദ്ദേഹം യാത്രയിലാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കടുത്ത മാനസീക സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള യാത്രയായിരുന്നു ഇതെന്നും നവാസ് കൊച്ചിയിലേക്ക് തിരിച്ചുവരാന്‍ ഇരിക്കുകയായിരുന്നു എന്നും പോലീസ് കരുതുന്നു.
നാട്ടിലെ കേസിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. മലമ്പുഴ സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് നവാസിനെ കൊണ്ടു വരുന്നത്. ഇവര്‍ തമിഴ്നാട്ടില്‍ നിന്നും യാത്ര തിരിച്ചിട്ടുണ്ട്. കൊച്ചിയിലേക്കാണ് നവാസിനെ എത്തിക്കുക. കഴിഞ്ഞ ദിവസം മേലുദ്യോഗസ്ഥനുമായി സിഐ നവാസ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആദ്യം ഫോണിലും പിന്നീട് വയര്‍ലെസിലും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. തമിഴ്നാട്ടിലെ കരൂരില്‍ നിന്നുമാണ് നവാസിനെ തമിഴ്നാട് പോലീസ് കണ്ടെത്തിയത്.
നവാസുമായുള്ള പോലീസ് സംഘം കരൂരില്‍ നിന്നും യാത്ര തിരിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് ശേഷം കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് വിവരം. നവാസിനെ കൊച്ചിയില്‍ എത്തിച്ച ശേഷം ചോദ്യം ചെയ്യും. സിഐയും മേലുദ്യോഗസ്ഥനും തമ്മിലുണ്ടായ സംസാരങ്ങള്‍ സംബന്ധിച്ച അന്വേഷണം അതിന് ശേഷം നടത്തും. ആവശ്യമെങ്കില്‍ മാത്രം ഇരുവര്‍ക്കുമെതിരേ അച്ചടക്ക നടപടിയെടുത്തേക്കാന് സാധ്യതയുണ്ട്. പോലീസ് സേനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സേനയിലെ അശാസ്ത്രീയ പരിഷ്ക്കാരങ്ങള്‍ മൂലം പോലീസിന് ജോലിസമ്മര്‍ദ്ദം കൂടിയിരിക്കുകയാണ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.





