
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. എക്സ് എം.പി എന്ന് ബോര്‍ഡ് വച്ച ഇന്നോവ കാറിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് വി.ടി ബല്‍റാം എം.എല്‍.എയുടെ പരിഹാസം. ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്തിന്റെ വാഹനമാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമ്പത്തിന്റെ പേര് ബല്‍റാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും." എന്നാണ് ബല്‍റാമിന്റെ പോസ്റ്റ്.
അതേസമയം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് 'മുന്‍ എം.പി'യുടെ വാഹനം. നിങ്ങള്‍ എക്സ് എംപിയായ പ്രമുഖനെ കണ്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ആറ്റിങ്ങലേക്കു വാ, കണ്‍കുളിര്‍ക്കെ കാണാം എന്നാണ് ഒരാള്‍ ട്രോളായി കുറിച്ചിരിക്കുന്നത്. ' അയാള്‍ തോറ്റ എം.പിയാണെങ്കിലും മുന്‍ സീനിയര്‍ എം.പിയാണ്. അതിനാല്‍ തീര്‍ച്ചയായും ബോര്‍ഡ് വേണം' എന്നാണ് ഒരാള്‍ പരിഹസിച്ചത്.






