
മലപ്പുറം: കല്ലട ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം നടന്നെന്ന ആരോപണത്തില്‍ പ്രതി കോട്ടയം സ്വദേശി ജോണ്സണ് ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ഇന്ന് രാവിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ്പി പി നാരായണന് വ്യക്തമാക്കി.
സംഭവത്തില്‍ ബസിലെ മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും പ്രതിക്ക് മറ്റ് ക്രിമിനല്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിക്ക് വേണ്ട എല്ലാ സൗകര്യം ഒരുക്കിക്കൊടുത്തെന്നും മലപ്പുറം എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്ത ശേഷം പരാതിക്കാരിയായ യുവതിയെയും മറ്റു യാത്രക്കാരെയും മറ്റൊരു ബസ് വിളിച്ച് സുരക്ഷിതമായി യാത്രയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പോലീസ് രാമനാട്ടുകരയില്‍ എത്തി ബസ് കസ്റ്റഡിയില്‍ എടുത്തത്.
അതിന് ശേഷം തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തിച്ചു. മണിപ്പാലില്‍ നിന്നും കൊല്ലത്തേക്ക് പോകാന്‍ ബസില്‍ കയറിയ യുവതിക്ക് കോഴിക്കോട് വെച്ചാണ് ശരീരത്ത് മോശമായ രീതിയില്‍ ആരോ സ്പര്‍ശിക്കുന്നതായി തോന്നിയത്. ഉറക്കത്തിലായിരുന്ന ഇവര്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് രണ്ടാം ഡ്രൈവറെ ആയിരുന്നു. തുടര്‍ന്ന് വിവരം അറിഞ്ഞ യാത്രക്കാര്‍ ബഹളം വെച്ചെങ്കിലൂം വാഹനം നിര്‍ത്താന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
ഉള്‍നാടന്‍ പ്രദേശത്തൂടെ ഏകദേശം 15 കിലോമീറ്ററോളം മുമ്പോട്ട് പോകുകയും ചെയ്തു. യാത്രക്കാരുടെ ബഹളം കലശലായതോടെ ബസ് നിര്‍ത്താന്‍ ജീവനക്കാര്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നു. യാത്രക്കാര്‍ പോലീസിനെ വിളിക്കുകയും പോലീസ് സ്ഥലത്തെത്തിയപ്പോള്‍ യാത്രക്കാര്‍ തന്നെ പ്രതിയെ പിടിച്ച് ഏല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുന്നതിനിടയില്‍ ആരോ കല്ലെറിഞ്ഞ് ബസിന്റെ മൂന്നിലെ ചില്ല് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്.






