
തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ നടത്താൻ ഹൈക്കോടതി അനുമതി നൽകിയതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ. സുഗതനെതിരായ കാപ്പാ കേസ് കോടതി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഈ ഉത്തരവ് വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള അവകാശം ഉറപ്പാക്കാനാണ് കോടതി അനുമതി നൽകിയതെന്നും, അല്ലാത്തപക്ഷം വിധി മറ്റൊന്നാകുമായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും ശബരീനാഥൻ പറഞ്ഞു.
സുഗതന്റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ലെന്നും, കൗൺസിൽ യോഗം ചേരുമ്പോൾ വിഷയം നിയമപരമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ നാട്ടിലോ അല്ലാതെ 288 കിലോമീറ്റർ അകലെ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടും ഭരണസംവിധാനത്തിന് അപമാനവുമാണെന്നും ശബരീനാഥൻ വിമർശിച്ചു.
ആർ. സുഗതന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് സൗകര്യമൊരുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കുകയും ജനവിധിയെ മാനിക്കുകയും ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമാണെന്നും, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ എടുക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.






