
തിരുവനന്തപുരം : ബസിനുള്ളില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം ആരോപിക്കപ്പെട്ട സംഭവത്തില്‍ കല്ലട ബസിലെ രണ്ടാം ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. ഇക്കാര്യത്തിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇത്തരം ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് നിയമപരമായി പരിമിതിയുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കല്ലട ബസ്സിലെ ജീവനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത്തരം ബസ്സുകളില്‍ ഭൂരിപക്ഷം ബസ്സുകളും കേരളത്തിനു പുറത്താണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതുകൊണ്ട് പെര്‍മിറ്റ് റദ്ദാക്കല്‍ പോലെയുള്ള നടപടി സ്വീകരിക്കാന്‍ പരിമിതികളുണ്ട്. അതേസമയം മുന്‍പ് എടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോയിട്ടില്ല. നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ പ്രത്യേകം സ്ക്വാഡ് ഉണ്ടാക്കി മോട്ടോര്‍ വാഹന വകുപ്പ് പ്രത്യകം പരിശോധന നടത്തുന്നുണ്ട്.
പയ്യന്നുര്‍ സ്വദേശി ബസ്സില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ കേരളാ പോലിസ് ചീഫ് ബാഗ്ലൂര് പോലിസുമായ് ബന്ധപ്പെടുന്നുണ്ട്.. ഈ ബസ്സ് ഓടിച്ച ആളുടെ ലൈസന്‍സ് എവിടെയാണ് എന്ന് പരിശോധിച്ചു വരുകയാണ്. നടപടികള്‍ സ്വീകരിക്കും. കെ.എസ്.ആര്.ടി.സി ബസ്സ് കൂടുതല്‍ സര്‍വ്വിസ് നടത്തുമെന്നതില്‍ നിയമപരമായ കാലതാമസമാണെന്നും മന്ത്രി പറഞ്ഞു. ബസ്സില്‍ ജി പി എസ് ഘടിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട കാര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണം. ഈ വിഷയം മുഖ്യമന്ത്രിയുമായ് സംസാരിക്കുമെന്നും പറഞ്ഞു.
മൂന്ന് മാസം മുമ്പ് യാത്രക്കാരന് നേരെ ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ കല്ലടയ്ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാത്തത് വിവാദമായിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ആര്‍ടിഒ യ്ക്ക് നിര്‍ദേശം കിട്ടിയിരുന്നെങ്കിലും ആര്‍ടിഒ ബോര്‍ഡ് യോഗം ചേരാതിരുന്നത് തടസ്സമായി. പല തവണ യോഗം ചേരാന്‍ നോക്കിയെങ്കിലും നടന്നില്ല. ബോര്‍ഡ് യോഗം ചേര്‍ന്നാലേ നടപടിയുമായി മൂമ്പോട്ട് പോകാനാകൂ എന്നാണ് വിവരം.






