
മാഞ്ചസ്റ്റര്‍ : നായകനായാലും അല്ലെങ്കിലും കളിക്കളത്തിലെ തീരുമാനങ്ങളുടെ കാര്യത്തില്‍ മഹേന്ദ്രസിംഗ് ധോനി വേറെ ലെവലാണ്. ഇന്ത്യ കഷ്ടിച്ച് ജയിച്ചു കയറിയ അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തില്‍ ഹാട്രിക് നേടി ലോകകപ്പില്‍ ചരിത്രം എഴുതാന്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക് തുണയായതും ധോനി തന്നെ. ഹാട്രിക് ചാന്‍സ് വന്നപ്പോള്‍ ധോനിയുടെ നിര്‍ദേശം ഷമി അതേപോലെ നടപ്പാക്കി.
അവസരം വന്നപ്പോള്‍ യോര്‍ക്കര്‍ എറിയാനാണ് ധോനി നിര്‍ദേശിച്ചത്. ഹാട്രിക്ക് നേടാനുള്ള മഹത്തായ അവസരമാണ് കൈ വന്നിരിക്കുന്നത്. ബൗളിംഗില്‍ ഒരു മാറ്റവും പരീക്ഷിക്കേണ്ടെന്ന് ധോനി പറഞ്ഞത് കേട്ടായിരുന്നു ഷമി യോര്‍ക്കര്‍ എറിഞ്ഞത്. ഇതാകട്ടെ മുജീബുര്‍ റഹ്മാന്റെ കുറ്റി തെറുപ്പിക്കുകയും ചെയ്തു. തന്റെ പത്താം ഓവറും ഇന്ത്യയൂടെ അമ്പതാം ഓവറും എറിയാന്‍ വരുമ്പോള്‍ അഫ്ഗാന് വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ആദ്യ പന്ത് നബി അതിര്‍ത്തി കടത്തി. എന്നാല്‍ രണ്ടാം പന്ത് റണ്‍സ് നല്‍കാതെ ഷമി മാനേജ് ചെയ്തു. ഇനി വേണ്ടത് നാലു പന്തില്‍ 12 റണ്‍സ്. മൂന്ന് വിക്കറ്റും ബാക്കി. നാടകീയ രംഗങ്ങള്‍ ഇവിടെയായിരുന്നു.
മൂന്നാം പന്തിലും ബൗണ്ടറി പായിക്കാനുള്ള നബിയുടെ ശ്രമം അവസാനിച്ചത് ഹര്‍ദിക് പാണ്ഡ്യയുടെ കയ്യില്‍. വാലറ്റക്കാര്‍ എത്തിയതോടെ ഷമിക്ക് ടിപ്സുമായി ധോനി എത്തുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ അഫ്താബ് ആലത്തിന്റെ കുറ്റി തെറിച്ചു. ഒരു യോര്‍ക്കറായിരുന്നു ഇത്. പിന്നാലെയുള്ള പന്തില്‍ മുജീബ് ഉര് റഹ്മാനും വീണു. കളി പൂര്‍ത്തിയായപ്പോള്‍ 9.5 ഓവറില്‍ ഷമി 40 റണ്‍സിന് നാലു വിക്കറ്റ് എന്നായി. ലോകകപ്പില്‍ ഹാട്രിക് നേടിയ ചേതന്‍ ശര്‍മ്മയ്ക്ക് ഒപ്പമായി ഇതിലൂടെ ഷമി. ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന പത്താമത്തെയാളുമായി.






