അൽവാർ: ഭാര്യയെ കാണാൻ ഇല്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി ആഴ്ചകള്‍ക്ക് ശേഷം ഭാര്യയെ കണ്ടെത്തിയത് സുവർഗാനുരാഗിയായ പങ്കാളിയോടൊപ്പം. ജൂൺ ഒന്നിനാണ് രാജസ്ഥാനിൽ നിന്നും ജ്യോതി എന്ന യുവതിയെ കാണാൻ ഇല്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. പിന്നീട് ദേശീയകായിക താരം കൂടിയായ പങ്കാളിയോടൊപ്പം കണ്ടെത്തിയത്. ഷാജഹാൻപുരിൽ വെച്ചാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.
ഭാര്യയെ കാണാതായ അന്ന് തന്നെ ഭർത്താവായ ഗോപാൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സമയം കൊണ്ട് തന്റെ പങ്കാളിയോടൊപ്പം ജ്യോതി സംസ്ഥാനം വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്.
ഗോപാലുമായുള്ള വിവാഹം വീട്ടുകാരുടെ നിർബന്ധപ്രകാരം നടന്നതാണ്. താൻ ഒരു സുവർഗാനുരാഗിയാണെന്നും ഗുഞ്ജൻ ബായിക്കൊപ്പം കഴിയാനാണ് ആഗ്രഹമെന്നും ജ്യോതി പോലീസിൽ മൊഴി നൽകി. ഗുഞ്ജൻ ബായി ഹരിയാനയിൽനിന്നുള്ള ദേശീയ കായികതാരമാണ്.
കഴിഞ്ഞ നാല് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ജ്യോതി പോലീസിന് മൊഴി നൽകി. പങ്കാളിയോടൊപ്പം ജീവിക്കാനാഗ്രഹമെന്നും ജ്യോതി പറഞ്ഞു. കൂടാതെ തന്റെ ഭർത്താവായ ഗോപാൽ ജോലിക്ക് പോകുമ്പോൾ തന്നെ വീട്ടിൽ പൂട്ടിയിടാറുണ്ടായിരുന്നുവെന്നും ജ്യോതി പോലീസിൽ പരാതിപ്പെട്ടു.
ഷാജഹൻപുറിൽ നിന്നും അൽവറിലെത്തിച്ച യുവതികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി. തനിക്ക് ഭർത്താവിനൊപ്പം പോകണ്ട എന്ന് ജ്യോതി പറഞ്ഞതോടെ, പങ്കാളിയോടൊപ്പം പോകുവാൻ കോടതി അനുവദിച്ചു.






