
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. ഷമിയുടെ ടിക് ടോക്ക് അക്കൗണ്ടിനെ കുറിച്ചാണ് ഹസിന് പരിഹസിച്ചു കൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഷമി ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയത് അടുത്തിടെയാണ്. ഇന്ത്യന്‍ താരം ടിക് ടോക്കില്‍ പിന്തുടരുന്നത് ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നും ഒരു മകളുള്ള കാര്യം മറക്കുകയാണെന്നുമാണ് ഹസിന്റെ ആരോപണം.
നിലവില്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നു. ഇതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്. എന്നിട്ടും ഒരു നാണവുമില്ല. ഫെയ്സ്ബുക്ക് കുറിപ്പില്‍ ഹസിന് പറയുന്നു. ഷമിയുടെ ടിക് ടോക് അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടും ഇതിനോടൊപ്പമുണ്ട്. ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഷമിക്കെതിരെ ഹസിന് പോലീസിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളലുകള്‍ വീണത്.
ഷമിക്ക് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടെന്ന് ആരോപിച്ച് ഹസിന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഹസിന് ഗാര്‍ഹിക പീഡനക്കുറ്റം ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരേ കേസ് എടുത്തിരുന്നു. പിന്നീട് തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചിലവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി സ്വീകരിച്ച കോടതി ഹസിനും കുഞ്ഞിനും പ്രതിമാസം 80,000 രൂപ വീതം നല്‍കാനും ഉത്തരവിട്ടിരുന്നു.




