
തൃശൂര്‍: പ്രളയകാലത്ത് ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിച്ച മന്ത്രിമാരെ ഒര്‍മ്മിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര. ' കേരളം വിറച്ച പ്രളയകാലം. കണ്ട്രോള് റൂമില്‍ കളക്ടര്‍ അനുപമയ്ക്കും കമ്മീഷ്ണര്‍ക്കും ഒപ്പം തൃശൂരിലെ മൂന്നു മന്ത്രിമാരും ഉണ്ട്. വി.എസ് സുനില്‍ കുമാര്‍, എ.സി മൊയ്തീന്, സി. രവീന്ദ്രനാഥ്. പ്രളയത്തിനിടെ സഹായം ചോദിച്ച് നിരവധി ഫോണ്‍കോളുകള്‍ വരുന്നുണ്ട്. ഓരോ കോളും അറ്റെന്‍ഡ് ചെയ്ത് സഹായിക്കാന്‍ മന്ത്രിമാര്ഡ രാവും പകലും കളക്ടര്‍ക്കും കമ്മീഷ്ണര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.' യതീഷ് ചന്ദ്ര പറയുന്നു.
ആറാട്ടുപുഴയില്‍ കരുവന്നൂര്‍പുഴ വഴിമാറി ഒഴുകിയപ്പോള്‍ മണല്ച്ചാത്ത് ചുമന്നു നാട്ടുകാരെ സഹായിച്ച മന്ത്രി സുനില്‍ കുമാറിനെ കുറിച്ച് പ്രത്യേകം പറഞ്ഞു യതീഷ് ചന്ദ്ര. ' ഇതുപോലെ ചാക്കു ചുമക്കുന്ന മന്ത്രിമാരെ സ്വന്തം നാടായ കര്‍ണാടകയില്‍ കാണില്ല. കൂലിപ്പണിക്കാരന് ചെയ്യേണ്ട ജോലി പോലും നാടിനു വേണ്ടി ചെയ്യാന്‍ തയ്യാറായ മന്ത്രിമാര്‍ കേരളത്തിലെ കാണു. നിങ്ങള്‍ ഭാഗ്യം ചെന്നവരാണ്' യതീഷ് ചന്ദ്ര.
തൃശൂര്‍ നിയമസഭാ മണ്ഡലത്തിന്റ പരിധിയിയില്‍ എസ്.എസ് എല്‍സിക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിളിച്ച ചടങ്ങളിലായിരുന്നു യതീഷ് ചന്ദ്രയുടെ പ്രശംസ. പഠിക്കുമ്പോള്‍ തനിക്ക് നൂറില്‍ നൂറുമാര്‍ക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പക്ഷെ 99 മാര്‍ക്ക് കിട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കുന്നതില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഓരോരുത്തരുടേയും ഡി.എന്‍.എ വേറെ വിരലടയാളം വേറെ. ദൈവം വ്യത്യസ്തരായാണ് ഓരോരുത്തരേയും ജനിപ്പിച്ചത്. അതുകൊണ്ട് നിങ്ങള്‍ ഓരോരുത്തരും വ്യത്യസ്തരായി ജീവിക്കണം. നിങ്ങളുടെ സ്വപ്നങ്ങള്‍ പിന്തുടരണം. അവനവന്റെ കഴിവുകള്‍ മനസിലാക്കി സ്വപ്നം കാണണം. അതിനായി അധ്വാനിക്കണം.' വിദ്യാര്‍ത്ഥികളോട് യതീഷ് ചന്ദ്ര പറഞ്ഞു.






