ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റിൽ വിന്‍ഡീസിനെതിരെ ലങ്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത ഓവറിൽ അവിഷ്ക ഫെര്‍ണാണ്ടോയുടെ കന്നി സെഞ്ചുറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.
മികച്ച ഓപ്പണിംഗാണ് കരുണരത്നയും, പെരേരയും ലങ്കയ്ക്ക് നൽകിയത്. എന്നാൽ 32 റൺസെടുത്ത് കരുണരത്നയുടെ വിക്കറ്റ് നഷ്ട്ടമായി. 93 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്നെടുത്തത്. ജോൺ ഹോൾഡറിനാണ് കരുണരത്നയുടെ വിക്കറ്റ്. എന്നാൽ പിന്നീട് ഇറങ്ങിയ ഫെര്‍ണാണ്ടോയുടെ 103 ബൗളിൽ 104 റൺസാണ് ലങ്കയ്ക്ക് ഇത്രയും മികച്ച ഒരു സ്കോറിലേക്ക് നയിച്ചത്. ഫെര്ണാണ്ടോയുടെആദ്യ സെഞ്ചുറിയാണ് ഇന്ന് നേടിയത്. പിന്നീട് 64 റൺസെടുത്ത് പെരേരയുടെയും വിക്കറ്റ് നഷ്ടമായി. പെരേര റൺ ഔട്ട് ആകുകയാണ് ചെയ്തത്.
അവസാന ഓവറുകളില്‍ ലഹിരു തിരിമിന്നെയുടെ വെടിക്കെട്ട് ഇന്നിംഗ്സ്(33 പന്തില്‍ 45 നോട്ടൗട്ട്) ലങ്കയെ 338ല്‍ എത്തിച്ചു.വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോട്രെല്ലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമിയിലേക്ക് വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് വമ്പന്‍ ജയം അനിവാര്യമാണ്. വിന്‍ഡീസിന്റെ സെമി സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു.






