
ഇംഗ്ളണ്ടിനെതിരേയുള്ള ലോകകപ്പ് തോല്‍വിയില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ മതത്തെയും ആയുധമാക്കിയ പാകിസ്താന് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യന്‍ താരം ഷമിയെ 'മുസല്മാന്' എന്ന് പ്രത്യേകം നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തിരിയിട്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യം ചൂടുപിടിച്ച ചര്‍ച്ചയായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
ജിയോ ടി വി യ്ക്ക് നല്കിയ അഭിമുഖത്തില്‍ ഇംഗ്ളണ്ടിനോട് ഇന്ത്യ തോറ്റതിനെ വിമര്‍ശിക്കുകയായിരുന്നു റസാഖ്. ഇന്ത്യന്‍ നിരയില്‍ മുസ്ളീമായ ഷമി പരമാവധി ശ്രമിച്ചെന്നും മറ്റുള്ള ബൗളര്‍മാര്‍ കഴിവിന്റെ പരമാവധി ടീമിന് നല്‍കിയില്ലെന്നും ആയിരുന്നു റസാഖിന്റെ പരാമര്‍ശം. എഡ്ജ് ബാസ്റ്റണില്‍ നടന്ന ലോകകപ്പിലെ 38 ാമത്തെ മത്സരത്തില്‍ 31 റണ്‍സിന് ഇന്ത്യ തോറ്റത് പാകിസ്താന്റെ സെമി സാധ്യത തുലാസിലാക്കിയിരുന്നു. ഇതാണ് റസാഖിനെ പ്രകോപിതനാക്കിയത്.
ഏകദിനത്തിലെ ഒന്നാം റാങ്കുകാരായ ഇന്ത്യയുടെ കളിയോടുള്ള സമീപനത്തെ വിമര്‍ശിച്ച റസാഖ് ജസ്പ്രീത് ബുംറ, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇംഗ്ളീഷ് ടീമിനെ വലിയ സ്കോര്‍ നേടുന്നതില്‍ നിന്നും തടയുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞു. എന്നാല്‍ മത്സരത്തില്‍ മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് നേട്ടം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് റസാഖ് മതത്തെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്.
പാകിസ്താനെ പുറത്താക്കാന്‍ ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റു കൊടുത്തതാണെന്ന മൂന് താരങ്ങളായ ബാസിത് അലിയും സിക്കന്ദര്ഭക്തും നടത്തിയ വിമര്‍ശനത്തോട് അബ്ദുള്‍ റസാഖ് യോജിക്കുകയും ചെയ്തു. സെമിയില്‍ എത്താന്‍ രണ്ടു മത്സരം കൂടി ബാക്കി നില്ക്കുന്ന ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാന്‍ ഒരു പോയിന്റ് കൂടി മതിയാകും. ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ഇംഗ്ളണ്ടിനെ മറികടന്ന് പാകിസ്താന്റെ സെമി സാധ്യത വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍ ജയം ഇംഗ്ളണ്ടിന് ഗുണമായി മാറി. അടുത്ത മത്സരം ജയിച്ചാല്‍ ഇംഗ്ളണ്ട് സെമിയില്‍ എത്തും. പാകിസ്താന് സെമിയില്‍ കടക്കണമെങ്കില്‍ ന്യൂസിലന്റ് ഇംഗ്ളണ്ടിനെ തോല്‍പ്പിക്കുകയും അടുത്ത മത്സരത്തില്‍ ബംഗ്ളാദേശിനെ മറികടക്കുകയും വേണം.





