
സാവോപോളോ: ലോകഫുട്ബോളിലേക്ക് ശക്തമായ തിരിച്ചുവരവ് അറിയിച്ച് ബ്രസീല്‍ കോപ്പയില്‍ ചാമ്പ്യന്മാരായി. ലാറ്റിനമേരിക്കന്‍ രാജാവിനെ കണ്ടെത്താനുള്ള കലാശപ്പോരാട്ടത്തില്‍ ബ്രസീലിന് ഇരയായത് പെറുവായിരുന്നു. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പട വിജയം കൊയ്തത്. എവര്ട്ടണ് സോറസ്, ഗബ്രിയേല്‍ ജീസസ്, റിച്ചാര്ലിസണ് എന്നിവര്‍ ബ്രസീലിനായി വലയനക്കിയപ്പോള് പോളോ ഗൂറേറയുടേതായിരുന്നു പെറുവിന്റെ ഗോള്‍. സുദീര്‍ഘമായ കിരീട വരള്‍ച്ചയാണ് സ്വന്തം മണ്ണില്‍ ഉയര്‍ത്തിയ കപ്പിലൂടെ ബ്രസീല്‍ അവസാനിപ്പിച്ചത്.
പതിനഞ്ചാം മിനിറ്റില്‍ ബ്രസീല്‍ എവര്ട്ടണ് സോറസിലൂടെ ഗോള്‍ നേടി. ജീസസ് നല്കിയ ക്രോസില്‍ എവര്‍ട്ടന്റെ ഷോട്ട് പെറു വല തുളച്ചു. ആദ്യ ഗോളിന്റെ ആരവം 44 മിനിറ്റുവരെ കാത്തെങ്കിലൂം പോളോ ഗൂറേറയുടെ ഗോളോടെ അത് പൊളിഞ്ഞു. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ ഒന്നാം പകുതിക്ക് കയറും മുമ്പായി ബ്രസീല്‍ വീണ്ടും മുന്നിലെത്തി. ഇത്തവണ ഗോള്‍ ഗബ്രിയേല്‍ ജീസസിന്റെ ബൂട്ടില്‍ നിന്നുമായിരുന്നു. രണ്ടാം പകുതി 70 ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയത് തിരിച്ചടിയായെങ്കിലും കളി മഞ്ഞക്കിളികള്‍ കൈവിട്ടില്ല.
പത്തുപേരുമായി പെറുവിന്റെ മുന്നേറ്റം തടഞ്ഞു നിര്‍ത്തിയ അവര്‍ റിച്ചാര്‍ലിസണിലൂടെ അവസാന മിനിറ്റില്‍ ലക്ഷ്യം കണ്ടു. പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു ഗോള്‍ നേടിയത്. 90 ാം മിനിറ്റില്‍ സംബ്രാനോ ബോക്സില്‍ ഫൗള്‍ ചെയ്തിട്ടതിന് കിട്ടിയ പെനാല്‍റ്റി റിച്ചാര്ലിസണ് തന്നെ സ്കോര്‍ ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ചിട്ടും ഒരു മത്സരത്തില്‍ പോലും ഗോള്‍ നേടാനാകാതെ പോയ ജീസസ് ഇത്തവണ ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയത് മികച്ച പ്രകടനമാണ്. എന്നിരുന്നാലും ഫൈനലില്‍ പെറു പ്രതിരോധക്കാരന് കാര്‍ലോസ് സമ്പ്രാനയുടെ പുറത്തേക്ക് ചാടിക്കയറിയതാണ് താരത്തിന് ചുവപ്പ് കാര്‍ഡ് കിട്ടാന്‍ കാരണമായത്. റഫറി വീഡിയോ പരിശോധിച്ച് ഫൗള്‍ ഉറപ്പാക്കുമ്പോള്‍ നെയ്മര്‍ വാട്ടര്‍ബോട്ടില്‍ നിലത്തെറിഞ്ഞാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് കണ്ണീരോടെ കളം വിട്ടു. കളി അവസാനിക്കാന്‍ 20 മിനിറ്റ് ബാക്കി കിടക്കുമ്പോള്‍ ഏറ്റവും മികച്ച കളിക്കാരന് പുറത്തായി പത്തുപേരുമായി കളിക്കേണ്ടി വന്ന ബ്രസീല്‍ പക്ഷേ ഒരു പഴുതും എതിരാളികള്‍ക്ക് നല്‍കിയില്ല.
ഇതോടെ സ്വന്തം മണ്ണില്‍ കോപ്പാ അമേരിക്ക കൈവിട്ടിട്ടില്ലെന്ന റെക്കോഡ് നില നിര്‍ത്താന്‍ ബ്രസീലിനായി. ഒമ്പതാം തവണയാണ് ബ്രസീല്‍ കോപ്പയില്‍ കപ്പുയര്‍ത്തിയത്. 2016 ഒളിമ്പിക്സ് സ്വര്‍ണ്ണനേട്ടത്തിന് ശേഷമുള്ള കിരീട വരള്‍ച്ചയും അവസാനിപ്പിക്കാനായി. പരിക്കേറ്റ് നേരത്തേ പുറത്തായ നെയ്മറും മറ്റൊരു സൂപ്പര്‍താരമായ വില്യന് ഇല്ലാതെയുമാണ് ബ്രസീല്‍ ഫൈനല്‍ കളിക്കാനെത്തിയത്. ആത്മവിശ്വാസത്തോടെ മികച്ച കളി കെട്ടഴിച്ച് കപ്പുയര്‍ത്താനായി എന്നത് തന്നെ ബ്രസീലിന്റെ കരുത്ത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പായി മാറുകയാണ്.




