
നാപ്പോളി: ലോക സര്‍വകലാശാലാ ഗെയിംസില്‍ സ്വര്‍ണ്ണം നേടി ഇന്ത്യന്‍ അത്ലറ്റ് ദ്യൂതി ചന്ദ് ചരിത്രമെഴുതി. ഇറ്റലിയിലെ നാപ്പോളിയില്‍ നടന്ന മത്സരത്തില്‍ 100 മീറ്ററില്‍ ഒന്നാമതെത്തിയ ദ്യുതി ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും പേരിലാക്കി. 11.32 സെക്കന്റിലായിരുന്നു ദ്യുതി 100 മീറ്ററില്‍ ഓടിയെത്തിയത്.
തൊട്ടുപിന്നില്‍ 11.33 സെക്കന്റില്‍ ഓടിയെത്തിയ സ്വിറ്റ്സര്‍ലന്റിന്റെ അജ്ല ഡെല്പോന്റെയ്ക്കാണ് വെള്ളി. ഹീറ്റ്സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി. 11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. 2019 ഏപ്രിലില്‍ ദോഹയില്‍ ആയിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്.
രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോഡ്. വലിച്ചിട്ടാലും ഇരട്ടി ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നാണ് ദ്യുതിചന്ദ് മെഡല്നേട്ടത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. KIIT യൂണിവേഴ്സിറ്റിക്കു വേണ്ടിയായിരുന്നു ദ്യുതി മത്സരിക്കാനെത്തിയത്.






