
ഡാര്‍വിന്‍: ബംഗ്ലാദേശിനെതിരായ രണ്ടുമത്സര ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യകളിയില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 198 റണ്ണിനു പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയരെ വലംകൈയന്‍ പേസര്‍ ഹസന്‍ മഹ്‌മൂദിന്റെ മാരക ബൗളിങ്ങാണു ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 17 ഓവറില്‍ മൂന്നു മെയ്‌ഡന്‍ ഉള്‍പ്പെടെ 55 റണ്‍ വഴങ്ങി മഹ്‌മൂദ് ആറുവിക്കറ്റ് കൊയ്‌തു. ടെസ്‌റ്റിലെ മഹ്‌മൂദിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്. രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ടസ്‌കിന്‍ അഹമ്മദും ഇബാദത് ഹുസൈനും മഹ്‌മൂദിനു മികച്ച പിന്തുണ നല്‍കി. 109 പന്തില്‍ 71 റണ്ണടിച്ച സ്‌റ്റീവന്‍ സ്‌മിത്ത് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായി. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ ഒരുവിക്കറ്റിന് 96 റണ്ണെന്ന ശക്‌തമായ നിലയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 102 റണ്‍ മാത്രം പിന്നിലാണ് ബംഗ്ലാദേശ്. 20 റണ്ണടിച്ച ഓപ്പണര്‍ ഷദ്‌മാന്‍ ഇസ്ലാമിനെ പുറത്താക്കിയ മിച്ചല്‍ സ്‌റ്റാര്‍ക്ക്, ടെസ്‌റ്റിലെ ഇടംകൈയന്‍ വിക്കറ്റ് വേട്ടക്കാരില്‍ ആദ്യസ്‌ഥാനം സ്വന്തമാക്കി. 106 മത്സരങ്ങളില്‍ 434 റണ്ണാണ് സ്‌റ്റാര്‍ക്കിന്റെ സമ്പാദ്യം. 93 ടെസ്‌റ്റില്‍ 433 വിക്കറ്റുമായി ഒന്നാമതുണ്ടായിരുന്ന ശ്രീലങ്കന്‍ സ്‌പിന്നര്‍ രംഗന ഹെറാത്ത് ഇതോടെ രണ്ടാമനായി. 104 ടെസ്‌റ്റില്‍ 414 വിക്കറ്റുള്ള പാകിസ്‌താന്റെ വസിം അക്രമാണ് മൂന്നാമത്. 89 മത്സരങ്ങളില്‍ 348 വിക്കറ്റുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ ആറാമതുണ്ട്. 92 കളിയില്‍ 311 വിക്കറ്റ്‌വീഴ്‌ത്തി ഒന്‍പതാമതുള്ള സഹീര്‍ ഖാന്‍ ആദ്യപത്തിലെ മറ്റൊരു ഇന്ത്യന്‍ താരമായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡും ജെയ്‌ക് വെതറാള്‍ഡും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് തരക്കേടില്ലാത്ത തുടക്കം സമ്മാനിച്ചു. 11.4 ഓവറില്‍ 45 റണ്‍ പിറന്നപ്പോള്‍ വെതറാള്‍ഡിനെ ലിട്ടന്‍ ദാസിന്റെ കൈകളിലെത്തിച്ച് ഹസന്‍ മഹ്‌മൂദ് വിക്കറ്റ് വേട്ട തുടങ്ങി. പിന്നീട് ട്രാവിസ് ഹെഡ് (22), ക്യാപ്‌റ്റന്‍ പാറ്റ് കമ്മിന്‍സ് (ഒന്‍പത്), മിച്ചല്‍ സ്‌റ്റാര്‍ക്ക് (ഒന്ന്), നഥാന്‍ ലയണ്‍ (ഏഴ്) എന്നിവരും ഒന്‍പതാമനായി കൂടാരം കയറിയ ടോപ് സ്‌കോറര്‍ സ്‌്റ്റീവന്‍ സ്‌മിത്തും മഹ്‌മൂദിനു കീഴടങ്ങി. മാര്‍നസ് ലാബുഷെയ്‌ന്‍(ഒന്ന്), അലക്‌സ് കാരി (19) എന്നിവര്‍ ഇബാദത് ഹുസൈന് ഇരകളായപ്പോള്‍ കാമറൂണ്‍ ഗ്രീന്‍(13), ബ്യൂ വെബ്‌സ്റ്റര്‍ (12) എന്നിവരെ ടസ്‌കിന്‍ അഹമ്മദ് മടക്കി.
ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ വിഖ്യാതമായ ഓസീസ് പേസ്, സ്‌പിന്‍ ആക്രമണത്തെ നേരിട്ട് ഓപ്പണര്‍ തന്‍സിദ് ഹസനും മൊമിനുള്‍ ഹഖുമാണ് ബംഗ്ലാദേശിനായി പുറത്താകാതെ നില്‍ക്കുന്നത്. 67 പന്തില്‍ നാലു ഫോറടക്കം ഹസന്‍ 32 റണ്ണും 49 പന്തില്‍ ആറു ഫോര്‍ ഉള്‍പ്പെടെ ഹഖ് 35 റണ്ണും നേടിയിട്ടുണ്ട്.






Comments