
ഗാലെ: ടെസ്‌റ്റ് ക്രിക്കറ്റിലെ സമീപകാല തിരിച്ചടികളില്‍നിന്ന് കരകയറാന്‍ ലക്ഷ്യമിട്ട് ശ്രീലങ്കയ്‌ക്കെതിരായ രണ്ടുമത്സര പരമ്പരയില്‍ പ്രതീക്ഷയോടെ ഇന്ത്യ. നാളെ ഗാലെയില്‍ തുടങ്ങുന്ന ആദ്യമത്സരം ഇരുടീമുകളുടെയും സ്‌പിന്‍ വൈഭവത്തിന്റെ പരീക്ഷണമാകും. ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മത്സരം ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും നിര്‍ണായകമാണ്. അവസാന മൂന്നു കളികളില്‍ ജയിച്ചെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയോടു തോറ്റത് ഗംഭീറിനെ വിമര്‍ശനമുനയിലാക്കുന്നു. വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടു ടെസ്‌റ്റില്‍ ജയിച്ചശേഷമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ഇന്ത്യ കൈവിട്ടത്. പിന്നീട് അഫ്‌ഗാനിസ്‌ഥാനെതിരായ ഏക ടെസ്‌റ്റ് ജയിച്ച് ടീം മാനം കാത്തു.
താരതമ്യേനെ പരിചയ സമ്പത്തുകുറഞ്ഞ ബൗളിങ് നിരയാണ് ലങ്കയില്‍ ഇന്ത്യയെ അലട്ടുന്ന പ്രധാന ഘടകം. പരമ്പരാഗതമായി സ്‌പിന്നിനെ പിന്തുണയ്‌ക്കുന്ന ഗാലെയിലെയും കൊളംബോയിലെയും പിച്ചുകളില്‍ കുല്‍ദീപ് യാദവില്‍ ഇന്ത്യ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അഫ്‌ഗാനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത മാനവ് സൂതറും ചേര്‍ന്ന സ്‌പിന്‍ ത്രയമാകും ആതിഥേയര്‍ക്കെതിരേ കളത്തിലിറങ്ങുക. മഴ പതിവായ ദ്വീപില്‍ പക്ഷേ, 2014 നുശേഷം ഇതുവരെ നടന്ന 46 ടെസ്‌റ്റില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സമനിലയെന്നതും ശ്രദ്ധേയം.






Comments