
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) മൂന്നാം സീസണ്‍ പടിവാതില്‍ക്കല്‍ നില്‍ക്കെ, കന്നിക്കിരീടം ലക്ഷ്യമിട്ടുള്ള തയാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കഴിഞ്ഞ രണ്ടു സീസണുകളിലും സെമിയില്‍ തോല്‍വി വഴങ്ങിയ ടൈറ്റന്‍സ് മികച്ച യുവനിരയുമായാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഓള്‍റൗണ്ടര്‍ എം.എസ്. അഖിലാണ് ക്യാപ്‌റ്റന്‍.
അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറും നേതൃത്വം നല്‍കുന്ന ബാറ്റിങ് നിരയാണ് ടൈറ്റന്‍സിന്റെ കരുത്ത്. ഏതു ബൗളിങ് നിരയെയും നിലംപരിശാക്കി തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ് അഹമ്മദ് ഇമ്രാന്‍. കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ താരം ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമടക്കം 437 റണ്ണാണ് അക്കൗണ്ടിലാക്കിയത്. ഷോണ്‍ റോജറായിരുന്നു കഴിഞ്ഞ സീസണില്‍ ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച യുവനിരയിലെ മറ്റൊരു താരം.
ഇത്തവണ ഒന്നിനൊന്നു മികച്ച മികച്ച ഒട്ടേറെ യുവതാരങ്ങള്‍ ടൈറ്റന്‍സിനൊപ്പമുണ്ട്. ഇന്ത്യന്‍ അണ്ടര്‍-19 ടീമംഗം മാനവ് കൃഷ്‌ണയാണ് അവരില്‍ ശ്രദ്ധേയന്‍. ശ്രീലങ്കയ്‌ക്കെതിരേ അണ്ടര്‍-19 ഇന്ത്യന്‍ ടീമിന് വേണ്ടി സെഞ്ചുറി നേടിയ മാനവ് കഴിഞ്ഞ കുച്ച് ബെഹാര്‍ ട്രോഫിയില്‍ രണ്ടു സെഞ്ചുറിയടക്കം 590 റണ്‍ സ്വന്തമാക്കി. സംസ്‌ഥാന അണ്ടര്‍-19 ടീമംഗം കെ.ആര്‍. രോഹിത്, അമയ് മനോജ്, മുഹമ്മദ് ഇനാന്‍ തുടങ്ങിയവരും ഇത്തവണ ടൈറ്റന്‍സിനൊപ്പമുണ്ട്. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കഴിഞ്ഞ സീസണില്‍ തന്നെ തൃശൂരിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. അഹമ്മദ് ഇമ്രാനൊപ്പം രോഹിതാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നാണു സൂചന.
മധ്യനിരയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള എ.കെ. അര്‍ജുന്‍, സഞ്‌ജീവ് സതീശന്‍, നിഖില്‍ തോട്ടത്ത് എന്നിവരുടെ സാന്നിധ്യം ടൈറ്റന്‍സിന്റെ ബാറ്റിങ് നിരയുടെ ആഴം കൂട്ടുന്നു. മികച്ച ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണു ടീം. പരിചയസമ്പന്നനായ എം.എസ്. അഖിലാണ് ഇവരില്‍ മുമ്പന്‍. കെ.സി.എല്‍. ആദ്യ സീസണിലെ ഏറ്റവും വിലയേറിയ താരമായ അഖിലിനെ 3.80 ലക്ഷത്തിനാണ് ടൈറ്റന്‍സ് ഇത്തവണ ടീമിലെത്തിച്ചത്. എസ്.എസ്. ഷാരോണ്‍, പ്രസൂണ്‍ പ്രസാദ്, അബ്‌ദുള്‍ റമീസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാരുടെ നിര തന്നെ തൃശൂരിനൊപ്പമുണ്ട്.
കൃത്യതയും വൈവിധ്യവുമുള്ള ബൗളിങ് ആക്രമണത്തിനു കെല്‍പ്പുള്ള താരങ്ങള്‍ തൃശൂരിന്റെ കിരീടസ്വപ്‌നങ്ങള്‍ക്കു നിറംപകരുന്നു. ആദിത്യ വിനോദ്, ആനന്ദ് ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ആസിഫ് സലാം എന്നിവരടങ്ങുന്ന ശക്‌തമായ പേസ് ബൗളിങ് ലൈനപ്പാണ് ടൈറ്റന്‍സിന്റേത്. യുവതാരം മുഹമ്മദ് ഇനാനും ബിജു നാരായണനും നയിക്കുന്ന സ്‌പിന്‍ ബൗളിങ് നിരയും കരുത്തുറ്റതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റിങ്ങിലും തിളങ്ങുന്നവരാണ് ഇരുവരും.
എസ്. സുനില്‍കുമാറാണ് ടീമിന്റെ മുഖ്യപരിശീലകന്‍. കെവിന്‍ ഓസ്‌കാറും സി.പി. ഷാഹിദും അസിസ്‌റ്റന്റ് കോച്ചുമാരായും മണികണ്‌ഠന്‍ ഫീല്‍ഡിങ് കോച്ചായും മുഹമ്മദ് അഫ്‌സല്‍ ലോജിസ്‌റ്റിക്‌സ് മാനേജറായും ടീമിനൊപ്പമുണ്ട്. അരുണ്‍ റോയ് (ഫിസിയോ), വൈശാഖ് (ട്രെയിനര്‍), ഷാജി (മീഡിയ മാനേജര്‍) എന്നിവരാണ് സപ്പോര്‍ട്ട് സ്‌റ്റാഫ് അംഗങ്ങള്‍. സജ്‌ജദ് സൈദ്, അകീല്‍ ഫഹീം, കാമില്‍ ഫഹീം എന്നിവരാണ് ടീം ഉടമകള്‍.
ടീം അംഗങ്ങള്‍: അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, ആദിത്യ വിനോദ്, എ.കെ. അര്‍ജുന്‍, ബിജു നാരായണന്‍, എം.എസ്. അഖില്‍, നിഖില്‍ തോട്ടത്ത്, മുഹമ്മദ് ഇനാന്‍, മാനവ് കൃഷ്‌ണ, കെ.ആര്‍. രോഹിത്, ആസിഫ് സലാം, പി. അബ്‌ദുള്‍ റമീസ്, അമയ് മനോജ്, എസ്.എസ്. ഷാരോണ്‍, സഞ്‌ജീവ് സതീശന്‍, മുഹമ്മദ് ഇര്‍ഷാദ്, ആനന്ദ് ജോസഫ്, പി. നസല്‍, പ്രസൂണ്‍ പ്രസാദ്, പി. ശരത് ചന്ദ്ര.






Comments